വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളയക്കുന്ന മെസേജിന് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ല; മദ്രാസ് ഹൈക്കോടതി


ചെന്നൈ:- 
വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ മോശമായതോ കുറ്റകരമായതോ ആയ രീതിയില്‍ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ഹൈക്കോടതി.മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്.


ഇത്തരം കേസുകളില്‍ കുറ്റവാളിയായ, മെസേജ് അയച്ച വ്യക്തിക്കൊപ്പം വാട്‌സാപ്പ് ഗ്രൂപ്പിലെ അഡ്മിന്‍ വിചാരണ നേരിടേണ്ടതില്ലെന്നും കോടതി വിധിയില്‍ പറയുന്നു.ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനാണ് വിധി പുറപ്പെടുവിച്ചത്.

ഇതേ വിഷയത്തില്‍ ഈ വര്‍ഷമാദ്യം ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ഉദ്ധരിച്ചായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.‘കാരൂര്‍ ലോയേഴ്‌സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനും ഹരജിക്കാരനുമായ അഭിഭാഷകന്‍ ആര്‍. രാജേന്ദ്രന് അനുകൂലമായായിരുന്നു കോടതി വിധി.

വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന തെറ്റായ മെസേജിന്റെ പേരില്‍ രാജേന്ദ്രനെതിരെ കേസെടുക്കരുതെന്ന് കാരൂര്‍ ജില്ലാ പൊലീസിനോട് കോടതി ഉത്തരവിട്ടു. ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന പദവി മാത്രമാണ് രാജേന്ദ്രന് ഉണ്ടായിരുന്നതെങ്കില്‍ അതിന്റെ പേരില്‍ അദ്ദേഹത്തെ ക്രിമിനല്‍ വിചാരണക്ക് വിധേയനാക്കരുതെന്നും കോടതി പറഞ്ഞു.

അതേസമയം രാജേന്ദ്രനെതിരെ മറ്റ് തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിക്കുകയാണെങ്കില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തി കേസെടുത്ത് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

Previous Post Next Post