ഇരിട്ടി:- ജില്ലയെ കാർഷിക സമൃദ്ധിയിലേക്ക് നയിക്കാൻ നാല് പതിറ്റാണ്ട് മുൻപ് തുടങ്ങിയ പഴശ്ശി ജലസേചന പദ്ധതിയിൽ 13 വർഷത്തിന് ശേഷം മെയിൻ കനാൽ വഴി വെള്ളം ഒഴുക്കി. പരീക്ഷണാടിസ്ഥാനത്തിൽ കനാലിന്റെ അഞ്ചര കിലോമീറ്റർ ഭാഗത്താണ് വെള്ളം എത്തിച്ചത്. കനാലിന്റെ മൂന്ന് ഷട്ടറുകളും 30 സെന്റീ മീറ്റർ ഉയർത്തിയാണ് വെള്ളം ഒഴുക്കിയത്. ജലസേചനവിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുൻകരുതൽ സ്വീകരിച്ചശേഷമാണ് ഷട്ടർ തുറന്നത്.
വെള്ളിയാഴ്ച രാവിലെ തുറക്കാനാണ് ആദ്യം പദ്ധതി ഇട്ടതെങ്കിലും കനാലിന്റെ ഇരു കരകളിലുമുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അഞ്ച് കിലോമീറ്റർ വരുന്ന ഭാഗത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ജീവനക്കാരെ നിയമിച്ച് നിരീക്ഷണം ഒരുക്കി. ഡ്രോൺ ഉപയോഗിച്ച് കനാൽവഴിയുള്ള വെള്ളത്തിന്റെ സഞ്ചാരപാതയും നിരീക്ഷിച്ചു.
രാവിലെ 11 ഓടെ കനാലിന്റെ ആദ്യ ഷട്ടർ 11 സെന്റിമീറ്ററോളം ഉയർത്തി വെള്ളം കനാൽവഴി ഒഴുക്കി. തുടർന്ന് മറ്റ് രണ്ട് രണ്ട് ഷട്ടറുകൾ 11 മീറ്ററോളം ഉയർത്തി നീരൊഴുക്ക് കൂട്ടി. അരമണിക്കൂർകൊണ്ട് ഒരു കിലോമീറ്റർ ദൂരം ഒഴുകിയെത്തിയെങ്കിലും പിന്നീട് നീരൊഴുക്കിന്റെ ശക്തി കുറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന കനാലിന്റെ പുനർനിർമിച്ച ഭാഗത്തുകൂടി വെള്ളം ഒഴുകിയതോടെ മൂന്ന് ഷട്ടറുകളും 30 സെന്റിമീറ്ററോളം ഉയർത്തി നീരൊഴുക്കിന്റെ ശക്തി കൂട്ടി.
രണ്ട് മണിയോടെ കീച്ചേരി കുര്യാക്കോസ് പാലത്തിന് സമീപം ലക്ഷ്യസ്ഥാനത്ത് വെള്ളം എത്തി. രണ്ട് മണിക്കൂർകൊണ്ട് ലക്ഷ്യസ്ഥാനത്ത് വെള്ളം എത്തിച്ച് പരീക്ഷണം പൂർണ വിജയമാണെന്ന് കണ്ടതോടെ പദ്ധതിയുടെ ഷട്ടർ അടച്ചു. അടുത്തദിവസം തന്നെ ജലസേചന മന്ത്രി കനാൽ തുറക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കും.
ഇതോടെ അടുത്ത വർഷം 16 കിലോമീറ്റർ ദൂരം വെള്ളം എത്തിക്കാനുള്ള നടപടികൾക്ക് ആവേശമായി. രണ്ട് വർഷം കൊണ്ട് 46 കിലോമീറ്റർ വരുന്ന മാഹിവരെയുള്ള മെയിൻ കനാൽ വഴി വെള്ളം എത്തിക്കാനുള്ള പദ്ധതിക്കാണ് പഴശ്ശി ജലസേചന വിഭാഗം രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
1979-ൽ തുടങ്ങിയ പഴശ്ശി ജലസേചന പദ്ധതിയിൽ 46 കിലോമീറ്റർ മെയിൻ കനാലും 350 ഓളം കിലോമീറ്റർ കൈക്കനാലുകളുമാണ് ഉണ്ടാക്കിയത്. ആരംഭത്തിൽ ഇതിലൂടെയെല്ലാം വെള്ളം എത്തിക്കാനും കൃഷി സമ്പന്നമാക്കാനും കഴിഞ്ഞിരുന്നു. എന്നാൽ പത്ത് വർഷത്തിനുള്ളിൽത്തന്നെ കനാലിന്റെ പലഭാഗങ്ങളിലും ചോർച്ചതുടങ്ങി.
പഴശ്ശി പദ്ധതിയുടെ ഷട്ടറിന്റെ തകരാറ് കാരണം കനാലിലേക്ക് ഒഴുക്കേണ്ട വെള്ളം പദ്ധതിയിൽനിന്ന് വളപട്ടണം പുഴയിലേക്ക് ഒഴുകിതുടങ്ങിയതോടെ ആറുമാസം കനാൽവഴി വെള്ളം എത്തിക്കാനുള്ള ശേഷി രണ്ടോ മൂന്നോ മാസത്തിലേക്കായി ചുരുങ്ങി. ചോർച്ച രൂക്ഷമായതോടെ പദ്ധതിയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് കനാലിലേക്ക് ഒഴുക്കിവിടേണ്ട അവസ്ഥവരെ ഉണ്ടായി
2012-ൽ ഷട്ടർ തുറക്കാൻ കഴിയാഞ്ഞതുമൂലം ഉണ്ടായ പ്രളയത്തിൽ മെയിൻ കനാലിന്റെ പല ഭാഗങ്ങളും കുത്തിയൊഴുകിപ്പോയി. ആറുകോടി മുടക്കി കനാലിന്റെ തകർന്ന ഭാഗങ്ങൾ പുനർനിർമിച്ചു.
പദ്ധതിയുടെ ചോർച്ചയുള്ള 16 ഷട്ടറുകൾ മാറ്റി പുതിയവ സ്ഥാപിച്ചതോടെ പദ്ധതിയിലെ റിസർവോയർ ലെവൽ 26.52 മീറ്റർ നിലനിർത്താൻ കഴിയുന്നതാണ് ഇപ്പോൾ പ്രതീക്ഷനൽകുന്നത്. സംഭരണിയിൽ 23.8 മീറ്റർ വെള്ളം നിലനിർത്താൻ കഴിഞ്ഞാൽ കനാൽവഴി വെള്ളം എല്ലാ സമയവും ഒഴുക്കിവിടാൻ കഴിയും.
ജലസേചന വിഭാഗം സുപ്രണ്ടിങ് എൻജിനീയർ എസ്.കെ.രമേശൻ, പഴശ്ശി ജലസേചന വിഭാഗം അസി. എൻജിനിയർ പി.എൻ.രവീന്ദ്രൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.സന്തോഷ്, എക്സിക്യൂട്ടീവ് എൻജിനീയർ സി.ഡി.ബാബു എന്നിവർ നേതൃത്വം നൽകി.