കണ്ണൂർ:-പ്രകൃതി സംരക്ഷണം ലക്ഷ്യവും പ്രചോദനവുമാക്കി പുഴയിലും കടലിലും സാഹസികതയുടെ തുഴയെറിഞ്ഞ് കയാക്കിംഗിൽ നേട്ടം കൊയ്യുന്ന കണ്ണൂർ പഴയങ്ങാടിയിലെ സ്വാലിഹ റഫീക്കിനെ ഒടുവിൽ തേടിയെത്തിയത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഭിനന്ദനമാണ്. പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി എട്ടാം തീയതി കടലും പുഴയും തുഴഞ്ഞ് 30 കിലോമീറ്റർ കയാക്കിംഗ് നടത്തി ലക്ഷ്യം പൂർത്തീകരിച്ചിരിക്കുകയാണ് ഒമ്പതാം ക്ലാസുകാരിയായ ഈ കുട്ടിത്താരം. കേരളത്തിൽ വളർന്നുവരുന്ന ജല സാഹസിക ടൂറിസം രംഗത്ത് സ്വാലിഹയുടെ പ്രവർത്തനം മാതൃകാപരമാണെന്നും എല്ലാ കുട്ടികൾക്കും വലിയ പ്രചോദനമാണ് ഈ നേട്ടമെന്നും അത് തുടരണമെന്നും പറഞ്ഞ് പ്രകൃതി സംരക്ഷണ യാത്രയെ എടുത്ത് പറഞ്ഞ് മന്ത്രി അഭിനന്ദനമറിയിച്ചു.
പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിച്ച് പഴയങ്ങാടി സുൽത്താൻ തോടിന്റെ കിഴക്കെ അറ്റമായ വാടിക്കൻ കടവിൽ നിന്നു തുടങ്ങി പഴയങ്ങാടി പുഴയിലൂടെ മാട്ടൂൽ ഭാഗത്തേക്കുള്ള യാത്ര അറബിക്കടലിൽ പ്രവേശിച്ച് 12 കിലോമീറ്റർ തുഴഞ്ഞ് കയറി ചൂട്ടാട് ഭാഗത്തിലൂടെ പാലക്കോട് വഴി തിരിച്ച് സുൽത്താൻ തോടിലേക്ക് എത്തുന്നതായിരുന്നു കയാക്കിംഗ്. ഈ നേട്ടത്തിലൂടെ ഒരു പൊൻതൂവൽ കൂടി കരസ്ഥമാക്കിയിരിക്കുകയാണ് പഴയങ്ങാടി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി.
മന്ത്രി അഭിനന്ദിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഇനിയുള്ള ലക്ഷ്യങ്ങൾക്ക് ഇതൊരു പ്രചോദനമാണെന്നും സ്വാലിഹ പറഞ്ഞു. നിലവിൽ കയാക്കിംഗ് ചെയ്ത ഓളപ്പരപ്പുകളിൽ നീന്തണം എന്നാണ് ഈ മിടുക്കിയുടെ അടുത്ത ലക്ഷ്യം.
അഞ്ചാം വയസ്സിൽ തുടങ്ങിയ വാസനയെ തല്ലിക്കെടുത്താതെ അതിനെ മുറുകെ പിടിച്ച് സ്വാലിഹയെ മുന്നോട്ട് നയിച്ചത് പിതാവായ റഫീഖ് ആണ്. മകൾക്ക് വേണ്ട എല്ലാ പ്രോത്സാഹനവും നൽകി ഓരോ വിജയത്തിലേക്കും കൈപിടിച്ചു നടത്തി അദ്ദേഹം. 2017 ൽ പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി സ്വാലിഹ
ചൂട്ടാട് ബീച്ച് മുതൽ വാടിക്കൽ കടവ് വരെ 10 കിലോമീറ്റർ കയാക്കിംഗ് നടത്തി ശ്രദ്ധ നേടി. തുടർന്ന് സിബിഎസ്ഇ അഞ്ചാം ക്ലാസ് പാഠപുസ്തകത്തിൽ ചലഞ്ചേഴ്സ് എന്ന തലക്കെട്ടോടെ ഈ നേട്ടം പാഠ്യഭാഗമായി മാറുകയും ചെയ്തു. ഒറ്റ വീലുള്ള ഇലക്ട്രിക് സ്‌കൂട്ടറും അനായാസം കൈകാര്യം ചെയ്യും ഈ മിടുക്കി. 2015 ൽ പയ്യന്നൂരിൽ നിന്നും പഴയങ്ങാടിയിലേക്ക് 20 കിലോമീറ്റർ റോളർ സ്‌കേറ്റിംഗ് ചെയ്തും കൈയ്യടി നേടി. 2020 ൽ സംസ്ഥാന സർക്കാരിന്റെ 'ഉജ്ജ്വല ബാല്യം' പുരസ്‌ക്കാരം ഉൾപ്പെടെ ഒട്ടനവധി അംഗീകാരങ്ങൾ സ്വാലിഹയെ തേടിയെത്തി. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ അനിൽ ഫ്രാൻസിസിന്റെ കീഴിൽ നീന്തൽ പരിശീലിക്കുകയാണ് ഇപ്പോൾ. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അടുത്ത ലക്ഷ്യത്തിലേക്ക് തുഴയെറിയുകയാണ് ഈ കൊച്ചു പരിസ്ഥിതി പ്രവർത്തക.