ചിറക്കൽ:- പുതിയതെരു മത്സ്യ മാർക്കറ്റിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു ബി. ജെ. പി. ചിറക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കാൻ ഭാരതീയ ജനതാ പാർട്ടി ചിറക്കൽ മണ്ഡലം നേതൃത്വ യോഗം തീരുമാനിച്ചു.
ചിറക്കൽ പഞ്ചായത്ത് ഭരണ സിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെ സ്ഥിതി ചെയ്യുന്നതും വിവിധ പ്രദേശങ്ങളെബന്ധിപ്പിക്കുന്ന നഗരകേന്ദ്രവുമായ പുതിയതെരുവിൽ മൽസ്യമാർക്കറ്റിന്റെ ദുരവസ്‌ഥ ചിന്തിക്കാൻ പറ്റാവുന്നതിലും അപ്പുറമാണെന്നും 13വർഷം മുൻപേ മൽസ്യ വില്പനക്കാരുടെ എതിർപ്പ് അവഗണിച്ചു് ഏറ്റവും വൃത്തിഹീനമായതും ഒരു വാഹനത്തിന് പോലും എത്തിപ്പെടാൻ പറ്റാത്തതുമായ സ്ഥലത്താണ് മത്സ്യ മാർക്കറ്റ് മാറ്റി സ്ഥാപിച്ചത് എന്നും വെള്ളവും ശൗചാലയവും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ തൊഴിലാളികൾക്ക് ജോലിചെയ്യാൻ പറ്റാത്ത ദുരവസ്ഥയാണ് കാണാൻ സാധിക്കുന്നത് എന്നും യോഗം കുറ്റപ്പെടുത്തി.
മാർക്കറ്റിലെ തൊഴിലാളികൾക്കും എത്തിച്ചേരുന്നവർക്കും പകർച്ചവ്യാധി പടർന്നു പിടിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത് എന്നും ഏറ്റവും ദുഃഖകരമായ അവസ്ഥ 13വർഷമായിട്ടും മൽസ്യമാർക്കറ്റിൽ കുടിവെള്ളത്തിന് ഒരു സംവിധാനം ഉണ്ടാക്കാൻ പഞ്ചായത്ത് അധികൃതർക്ക് സാധിച്ചിട്ടില്ല എന്നതാണ് എന്ന് യോഗം വിലയിരുത്തി.
2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2020ഒക്ടോബർ 27ന് കൊട്ടിഘോഷിച്ചു ഉൽഘാടനം നടത്തിയ മാലിന്യ സംസ്കരണ യൂണിറ്റ് യാതൊരുവിധ പ്രവർത്തനവും നടത്താതെ പൂർണമായും നശിച്ചനിലയിലായിട്ടും പഞ്ചായത്ത് ഭരണാധികാരികൾ നാട്ടുകാരെ ഇപ്പോളും പറഞ്ഞ് പറ്റിച്ചു കൊണ്ടിരിക്കുന്നത് മാലിന്യ സംസ്കരണ യൂണിറ്റ് ആരംഭിക്കാൻ പോകുന്നതേയുള്ളൂ എന്നാണ് എന്ന് യോഗം കുറ്റപ്പെടുത്തി.
മാർക്കറ്റ് മാറ്റി സ്ഥാപിച്ച സ്ഥലത്ത് വാഹനങ്ങൾക് പാർക്കിംഗ് സൗകര്യം ഒരുക്കും എന്ന് പറഞ്ഞ് ഇന്റർ ലോക്ക് ചെയ്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ പോയിട്ട് യാത്രക്കാർക്ക് നടന്നു പോകാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും പുതിയതെരു മാർക്കറ്റിന്റെ ഈ ദുരവസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടിക്ക് നേതൃത്വം നൽകുമെന്ന് ഭാരതീയ ജനതാ പാർട്ടി ചിറക്കൽ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.
സമഗ്ര വികസനം എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഭാരതീയ ജനതാ പാർട്ടി ചിറക്കൽ മണ്ഡലം നേതൃത്വ യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
യോഗം മണ്ഡലം പ്രസിഡന്റ് രാഹുൽരാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.എൻ. മുകുന്ദൻ അഡ്വക്കേറ്റ് രഞ്ജിത്ത് രവീന്ദ്രൻ , വൈസ് പ്രസിഡന്റ് ടി. കെ ബാബു, സൂര്യ. ആർ. എസ്സ്. എന്നിവർ സംസാരിച്ചു.