കൊറോണ വൈറസ്‌ കേരളത്തിലെത്തിയിട്ട്‌ ഇന്നേക്ക് രണ്ടാണ്ട്‌


തിരുവനന്തപുരം:-
ലോകത്തെ സ്‌തംഭിപ്പിച്ച കൊറോണ വൈറസ്‌ കേരളത്തിലെത്തിയിട്ട്‌ ഇന്നേക്ക് രണ്ടാണ്ട്‌. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ്‌ ബാധ തൃശൂരിൽ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30നാണ്‌.

 ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ്‌ ആദ്യമായി രോഗം സ്ഥിരീകരിച്ചത്‌. സംസ്ഥാനം ഇപ്പോൾ നേരിടുന്നത് വൈറസിന്റെ അഞ്ചാം വകഭേദമായ ഒമിക്രോണിനെയും മൂന്നാം തരംഗത്തെയുമാണ്‌.  

2020 ഫെബ്രുവരി രണ്ടിനാണ്‌ രണ്ടാമത്തെ രോഗബാധ സ്ഥിരീകരിച്ചു. ഫെബ്രുവരി മൂന്നിന്‌ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മാർച്ച്‌ എട്ടിന്‌ ഇറ്റലിയിൽ നിന്നെത്തിയവരുൾപ്പെടെ അഞ്ച്‌ റാന്നി സ്വദേശികൾക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലായി. മാർച്ച്‌ 24ന്‌ മുഖ്യമന്ത്രി സംസ്ഥാനത്ത്‌ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. 

 മാർച്ച്‌ 30നാണ്‌‌ സംസ്ഥാനത്തെ‌ ആദ്യ കോവിഡ്‌ മരണം. ശനിവരെയുള്ള കണക്ക് പ്രകാരം രോഗം സ്ഥിരീകരിച്ചത്‌ 59,31,945 പേർക്കാണ്‌‌. അതിൽ 55,41,834 പേർ രോഗമുക്തി നേടി. 3,36,202 പേർ നിലവിൽ രോഗബാധിതരായുണ്ട്‌. മരണം 53,191.

2022 ജനുവരിയോടെ സംസ്ഥാനത്ത്‌ കോവിഡ്‌ മൂന്നാം തരംഗം സ്ഥിരീകരിച്ചു. രണ്ടാം തരംഗത്തേക്കാൾ  രോഗവ്യാപനം കൂടുതലായി.  ഗുരുതര രോഗബാധിതരുടെയും മരണത്തിന്റെയും നിരക്ക്‌ കുറവും. 49 ശതമാനംവരെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌ ഉണ്ടായി. എന്നാൽ ഐസിയു, വെന്റിലേറ്റർ കിടക്ക  ആവശ്യം കൂടുതലായി വന്നില്ല. 

കൃത്യമായ വാക്സിൻ വിതരണത്തിലൂടെ രോഗവ്യാപനത്തിനിടയിലും മരണനിരക്ക്‌ കാര്യമായി ഉയരാതെ തടയാനായി. 18 വയസിന്‌ മുകളിലുള്ള 100 ശതമാനം പേരും ആദ്യഡോസ്‌ വാക്സിൻ എടുത്തു. 84 ശതമാനം പേർ രണ്ട്‌ ഡോസും എടുത്തു. കൗമാരക്കാരിൽ ആദ്യഡോസെടുത്തവർ 70 ശതമാനവും പിന്നിട്ടു.

Previous Post Next Post