കണ്ണൂര്‍ :- ജില്ലയില്‍ 'ആര്‍മി' വാഹനങ്ങള്‍ പെരുകുന്നു. സൈന്യത്തില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമാണ് സ്വകാര്യ വാഹനങ്ങളില്‍ 'ആര്‍മി' സ്റ്റിക്കര്‍ പതിക്കുന്നത്.
കാറുകളിലും ഇരുചക്ര വാഹനങ്ങളിലും സ്റ്റിക്കര്‍ പതിക്കുന്നത് വ്യാപകമാണ്. ഗവ. ഉടമസ്ഥതയിലുള്ള വാഹനങ്ങളില്‍ മാത്രമേ സര്‍ക്കാരുമായി ബന്ധപ്പെട്ട സ്റ്റിക്കര്‍ പതിക്കാന്‍ അനുവാദമുള്ളൂവെങ്കിലും അത് ദുരുപയോഗം ചെയ്താണ് സ്വകാര്യ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുന്നത്.
സ്വകാര്യ വാഹനങ്ങളില്‍ 'ആര്‍മി' സ്റ്റിക്കര്‍ പതിക്കുന്നതു നിയമ വിരുദ്ധമാണെന്നും ഇത്തരം വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ ആര്‍ടിഒ ഉണ്ണികൃഷ്ണന് പറഞ്ഞു.
റോഡുകളില്‍ പോലീസ് പരിശോധന ഒഴിവാക്കി കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ചിലര്‍ വാഹനങ്ങളില്‍ 'ആര്‍മി' സ്റ്റിക്കര്‍ പതിക്കുന്നത്. ഇത്തരക്കാര്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനങ്ങള്‍ ഉപയോഗിക്കാറുമുണ്ട്. ഒരു വര്‍ഷം മുമ്പ് അഞ്ച് ലിറ്റര്‍ ചാരായം കടത്തുന്നതിനിടെ 'ആര്‍മി' സ്റ്റിക്കര്‍ പതിച്ച കാറുമായി സൈനികനെ ഇരിക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൂന്ന് മാസം മുമ്പ് മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് യുവാവിനെ മയ്യില്‍ പോലീസ് പിടികൂടിയിരുന്നു. 'ആര്‍മി' സ്റ്റിക്കര്‍ പതിച്ച് അപകടകരമാം വിധം എത്തിയ കാര്‍ പാവന്നൂരില്‍ വച്ചു നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു മയ്യിലില്‍ വച്ച് കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ തന്റെ പിതാവ് സൈനികനാണെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇയാളെ പോലീസ് വിളിച്ചു വരുത്തിയപ്പോള്‍ 'ആര്‍മി' വാഹനം എങ്ങനെയാണ് നിങ്ങള്‍ കസ്റ്റഡിയിലെടുത്തതെന്നാണ് ഇയാള്‍ പോലീസിനോടു ചോദിച്ചത്.
പോലീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനങ്ങളില്‍ 'പോലീസ്' സ്റ്റിക്കര്‍ പതിക്കാറില്ലെന്നും ഇതു നിയമ വിരുദ്ധമാണെന്നും 'ആര്‍മി' സ്റ്റിക്കര്‍ നീക്കം ചെയ്യണമെന്നും ഇയാളെ ഉപദേശിച്ച പോലീസ് കേസെടുത്ത് സ്റ്റിക്കര്‍ പറിപ്പിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നു.