കണ്ണൂർ:-മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി ജലജീവൻ മിഷനുമായി ചേർന്ന് 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നു. ഇതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 45 കോടി 72 ലക്ഷം രൂപ അനുവദിച്ചു.
മട്ടന്നൂർ ചാവശ്ശേരിയിലെ ശുദ്ധീകരണ പ്ലാന്റിൽ നിന്നുള്ള വെള്ളമാണ് ടാങ്കിൽ സംഭരിക്കുക. തുടർന്ന് ഇവിടെ നിന്നും പഞ്ചായത്തിലെ കുടിവെള്ളം ലഭിക്കാത്തിടത്തേക്ക് എത്തിക്കും. കുടിവെള്ള ടാങ്ക്, വീടുകളിലേക്കുള്ള പൈപ്പ്ലൈൻ സ്ഥാപിക്കൽ, പൈപ്പ് സ്ഥാപിച്ചതിന് ശേഷമുള്ള റോഡിലെ അറ്റകുറ്റപണി, കുടിവെള്ള കണക്ഷൻ എന്നിവയ്ക്കാണ് ഈ ഫണ്ട് ഉപയോഗിക്കുക.
പ്ലാന്റ് യാഥാർഥ്യമായാൽ പഞ്ചായത്തിൽ പൈപ്പ്ലൈൻ വഴി കുടിവെള്ളം ലഭിക്കാത്തവർക്കും കിണറില്ലാത്തവരുമായ 4222 വീട്ടുകാർക്ക് ദിവസവും കുടിവെള്ളമെത്തിക്കാനാകും. വീടുകളിൽ നിലവിലുള്ള പൈപ്പ് ലൈനുകളും ഇതോടൊപ്പം പുതുക്കി സ്ഥാപിക്കും. നിലവിൽ കുടിവെള്ളം ലഭിക്കുന്ന വീടുകളിലെ പൈപ്പ്ലൈനുകൾ 20 വർഷം പഴക്കമുള്ളതാണ്. മാച്ചേരി അയ്യപ്പൻ മലയിൽ കണ്ണൂർ സർവോദയ സംഘം നൽകുന്ന 23 സെന്റ് സ്ഥലത്താണ് കുടിവെള്ള ടാങ്ക് നിർമിക്കുക. പദ്ധതിയുടെ ടെൻഡർ നടപടിയിലേക്ക് കടന്നതായി പഞ്ചായത്ത് പ്രസിഡന്റ് എ അനിഷ അറിയിച്ചു. പ്രവൃത്തി ആരംഭിച്ചാൽ ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കുമെന്നും അവർ പറഞ്ഞു