കൊളച്ചേരി :- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പെരുമാച്ചേരി വാർഡിലെ കാവുംചാൽ അംഗനവാടിയിലേക്ക് യാത്രാ സൗകര്യത്തിൻ്റെ അപര്യാപ്തത മൂലം കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന ദുരിതം അതികഠിനമാണ് .
2004 ജനുവരി 3 മുതൽ കൊളച്ചേരി പഞ്ചായത്ത് ആറാം വാർഡിൽ ബിൽഡിംഗ് No.267ൽ പ്രവർത്തിച്ചു വരുന്ന അംഗൻവാടിയിലേക്ക് എത്തിചേരാൻ നല്ലൊരു റോഡോ വഴിയോ ഇല്ലാത്ത സ്ഥിതിയാണ്.
ഈ അംഗൻവാടിലേക്ക് വരുന്നവർ ദുർഘടം നിറഞ്ഞതും കാടുപിടിച്ചതുമായ സ്വകാര്യ പാതയാണ് ഇന്നും ഉപയോഗിക്കുന്നത്. ഈ പാതയിൽ ക്ഷുദ്രജീവികളുടെയും, വന്യമൃഗങ്ങളുടെയും ഉപദ്രവം രൂക്ഷമാണ്.
പിഞ്ചുകുട്ടികളും, അവരുടെ രക്ഷിതാക്കളും ദിവസേന നിരവധി തവണ കയറി ഇറങ്ങുന്ന ഈ സ്ഥാപനത്തിലേക്ക് സഞ്ചാരയോഗ്യമായ ഒരു റോഡ് ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പോളിംഗ് സ്റ്റേഷനായി ഉ പയോഗിക്കുന്ന ഇവിടം വോട്ട് ചെയ്യുവാൻ എത്തുന്ന ഭിന്നശേഷിക്കാരും, മുതിർന്നവരും, വികലാംഗരും പെടാപാട് പെട്ടാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.
ഈ പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ ജീവന് തന്നെ ഇത് ഭീഷണിയാണ് .കൂടാതെ ഈ പാത നിലനിൽക്കുന്നത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുമാണ്.
അത് കൊണ്ട് തന്നെ പൊതു ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സഞ്ചാരം അവരുടെ സ്വകാര്യതയ്ക്കും,സുരക്ഷയ്ക്കും വലിയ ഭീഷണി ഉയർത്തുന്നുമുണ്ട്.
ഈ വിഷയത്തിൽ ഉടനടി ഇടപെട്ട് അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മറ്റി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനും സെക്രട്ടറിക്കും നിവേദനം നൽകി.
യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് ഇർഷാദ് അഷറഫ്, വൈസ് പ്രസിഡൻ്റ് റൈജു.പി വി, സെക്രട്ടറി കലേഷ് എന്നിവരും കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറും കൂടിയായ എം സജിമ എന്നിവരും ചേർന്നാണ് നിവേദനം നൽകിയത്.