കളഞ്ഞുകിട്ടിയ 15,000 രൂപ തിരിച്ചുനൽകി യുവാവ് മാതൃകയായി
മയ്യിൽ: കളഞ്ഞുകിട്ടിയ പണവുമായി അർധരാത്രിയിലും റോഡിൽ കാത്തുനിന്ന് ഉടമസ്ഥന് തിരിച്ചുനൽകി യുവാവ്. പുല്ലൂപ്പി ചെങ്ങിനക്കണ്ടി ഒ.പി. ഹൗസിലെ ഫാസിറാണ് കണ്ണാടിപ്പറമ്പിലെ പാറപ്പുറത്തെ അൽത്താഫിന് തുക കൈമാറിയത്. കഴിഞ്ഞ ദിവസം രാത്രി പത്തിന് സുഹൃത്തായ അർഷാദിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയാണ് പോക്കറ്റിൽനിന്നും പണം കളഞ്ഞുപോയത്. തുടർന്ന് ബൈക്കിൽതന്നെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഫാസിർ പണവുമായി റോഡരികിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തെളിവുസഹിതം കാര്യം പറഞ്ഞപ്പോൾ പണം ലഭിച്ചതായും ഉടമസ്ഥനെ കാത്തുനിൽക്കുകയാണെന്നും അറിയിക്കുകയായിരുന്നു. പന്തൽ തൊഴിലാളിയായ ഫാസിർ കാട്ടാമ്പള്ളി സ്വദേശിയാണ്.