ബാര്‍ബഡോസ്:- അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍(U19 World Cup final) ഇന്ത്യക്കെതിരെ((Team India) ഇംഗ്ലണ്ടിന്(England) ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെന്ന നിലയിലാണ്. 22 റണ്‍സോടെ ജെയിംസ് റ്യൂവും നാലു റണ്‍സുമായി അലക്സ് ഹോര്‍ട്ടണുമാണ് ക്രീസില്‍. നാലു വിക്കറ്റെടുത്ത രാജ് ബാവയാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.
രവികുമാറിന്‍റെ ഇരട്ടപ്രഹരം
ടോസിലെ ഭാഗ്യം ഇംഗ്ലണ്ടിനെ ബാറ്റിംഗില്‍ തുണച്ചില്ല. രണ്ടാം ഓവറില്‍ രവികുമാര്‍ തുടങ്ങിവെച്ച വിക്കറ്റ് വേട്ട രാജ് ബാവ ഏറ്റെടുത്തതോടെ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ ഓപ്പണര്‍ ജേക്കബ് ബെഥലിനെ(2) വിക്കറ്റിന് മുന്നില്‍ കുടുക്കിയ രവികുമാറാണ് ഇംഗ്ലണ്ടിനെ ആദ്യം ഞെട്ടിച്ചത്. ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെ അപ്പോഴുണ്ടായിരുന്നുള്ളു. തന്‍റെ രണ്ടാം ഓവറില്‍ ഇംഗ്ലണ്ട് നായകന്‍ ടോം പ്രെസ്റ്റിനെ(0)ബൗള്‍ഡാക്കി രവികുമാര്‍ ഏല്‍പ്പിച്ച കനത്ത പ്രഹരത്തില്‍ നിന്ന് കരകയറാന്‍ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും രാജ് ബാവക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു.
വെള്ളിടിയായി രാജ് ബാവ
ഓപ്പണറായ ജോര്‍ജ് തോമസ് തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് ടീം സ്കോര്‍ രണ്ടക്കം കടന്നു. 30 പന്തില്‍ 27 റണ്‍സെടുത്ത തോമസ് അപകടകാരിയാകുന്നതിനിടെ നല്‍കിയ അനായാസ ക്യാച്ച് ഇന്ത്യ കൈവിട്ടെങ്കിലും തൊട്ടുപിന്നാലെ തോമസിനെ ക്യാപ്റ്റന്‍ യാഷ് ദുള്ളിന്‍റെ കൈകളിലെത്തിച്ച് രാജ് ബാവ ആദ്യ വിക്കറ്റ് നേടി. ഈ സമയം ഇംഗ്ലണ്ട് സ്കോര്‍ 37-3 എന്ന നിലയിലായിരുന്നു. അധികം വൈകാതെ വില്യം ലക്സ്റ്റണ്‍(4), നേരിട്ട ആദ്യ പന്തില്‍ ജോര്‍ജ് ബെല്‍(0), റെഹാന്‍ അഹമ്മദ്(10) എന്നിവരെ വീഴ്ത്തി രാജ് ബാവ ഇംഗ്ലണ്ടിന്‍റെ തകര്‍ച്ച പൂര്‍ണമാക്കി.
നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയില്‍ ഓസ്ട്രേലിയയെ തകര്‍ത്ത ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിലും ഇറങ്ങുന്നത്. അഫ്ഗാനിസ്ഥാനെ സെമിയില്‍ തോല്‍പ്പിച്ച ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങളൊന്നുമില്ല. തോല്‍വി അറിയാതെയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഫൈനല്‍വരെ എത്തിയത്. .