പുകശല്യത്താൽ വീർപ്പുമുട്ടിയ കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൻ്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി


കുറ്റ്യാട്ടൂർ :-
പൊറോളത്ത് സ്ഥിതി ചെയ്യുന്ന  കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനം (ശാന്തിവനം) നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. രണ്ട് ചൂളകളിൽ ഒന്നാണ് പൂർണമായും മാറ്റി ശാസ്ത്രീയമായ രീതിയിൽ പുനർ നിർമിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ചൂളകൾ കനത്ത ചൂടിൽ തകർന്നതിനാൽ പുക ചൂളയ്ക്ക് മുകളിൽ സ്ഥാപിച്ച കുഴലിലൂടെ അന്തരീക്ഷത്തിലേക്ക് പോകാതെ പരിസരങ്ങളിലേക്ക് വ്യാപിക്കുമായിരുന്നു.

മാരക രോഗങ്ങൾക്ക് വരെ കാരണമായി തീരാവുന്ന കനത്ത പുക ശ്മശാനത്തിന് ഉള്ളിലും പരിസരങ്ങളിലും തങ്ങി നിൽക്കുന്നത് കാരണം മൃതദേഹ സംസ്കാരത്തിന് എത്തുന്നവർ അനുഭവിക്കുന്ന ദുരിതം ഏറെയായിരുന്നു.

ശ്മശാനത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുകയും മാധ്യമങ്ങളിൽ നിരവധി തവണ വാർത്തയാവുകയും ചെയ്തതാണ്.

 ഫിനാൻസ് കമ്മീഷൻ ടൈഡ് ഫണ്ട് ഉപയോഗിച്ചാണ് ശ്മശാനത്തിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നത്. പ്രവൃത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കാനാണ് പഞ്ചായത്തിൻ്റെ  തീരുമാനം.

Previous Post Next Post