ചിറക്കൽ:-രണ്ടു വർഷം മുൻപ് നിലച്ച ചിറക്കൽ ചിറ നവീകരണ പ്രവൃത്തി വീണ്ടും തുടങ്ങി. ഏപ്രിൽ 15നകം പ്രവൃത്തി പൂർത്തിയാക്കും. മഴയ്ക്ക് മുമ്പ് ചെളി നീക്കം ചെയ്ത് അരികുകൾ കെട്ടാനാണ് ലക്ഷ്യമിടുന്നത്. ആറു മോട്ടോറുകൾ ഉപയോഗിച്ച് ചിറയിലെ വെള്ളം നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് നിലവിൽ നടക്കുന്നത്. ഒരാഴ്ച്ചക്കകം ഇതു പൂർത്തിയാകും. തുടർന്ന് നടപ്പാത, ഇരിപ്പിട നിർമാണം, വൈദ്യുതി വിളക്കുകൾ സ്ഥാപിക്കൽ എന്നിവ നടക്കും. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലാശയമായ ചിറക്കൽ ചിറയുടെ നവീകരണ പ്രവൃത്തിക്കായി 2.3 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
കെ വി സുമേഷ് എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രുതി, വൈസ് പ്രസിഡന്റ് കെ എൻ അനിൽകുമാർ, മൈനർ ഇറിഗേഷൻ എക്സ്‌ക്യൂട്ടീവ് എൻജിനീയർ എൻ കെ ഗോപകുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ ഇ എം ഷംന, ഓവർസിയർ എം ശരണ്യ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.