പാലക്കാട്:-മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. മലയിലേക്ക് കയറിയ കരസേന സംഘത്തിന് യുവാവിന്റെ അടുത്തെത്താൻ സാധിച്ചു. യുവാവുമായി ആശയ വിനിമയം നടത്തിയ സംഘം യുവാവ് സുരക്ഷിതനാണെന്ന് അറിയിച്ചു. യുവാവിന് ഭക്ഷണവും വെള്ളവും, മരുന്നും എത്തിക്കാനും ശ്രമിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഉദ്യേഗസ്ഥർ അറിയിച്ചു.
സംഘത്തിന് യുവാവുമായി ആശയ വിനിമയം നടത്താൻ കഴിഞ്ഞു. വരും സമയങ്ങളിൽ കൂടുതൽ ആശ്വാസകരമായ വിവരങ്ങൾ വരുമെന്ന് കരുതുന്നു എന്ന് എ.പ്രഭാകരൻ എംഎൽഎ അറിയിച്ചിരുന്നു. രക്ഷാ പ്രവർത്തനത്തിനുളള കരസേനയുടെ യൂണിറ്റ് മലയാളിയായ ലെഫ്. കേണൽ ഹേമന്ത് രാജിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്.
സ്ഥലത്ത് എൻഡിആർഎഫ് സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. ബാംഗ്ലൂർ പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള പാരാ കമാൻണ്ടോസും മലമ്പുഴയിലെത്തി. ലഫ്. കേണൽ ഹേമന്ത് രാജിന്റെ സംഘത്തിനൊപ്പം ഇവരും ചേർന്ന് രക്ഷാ പ്രവർടത്തന നടപടികൾ ആരംഭിക്കുമെന്നും എ.പ്രഭാകരൻ എംഎൽഎ പറഞ്ഞിരുന്നു.
ഓഫീസർമാരിൽ 2 പേർ എവറസ്റ്റ് കയറിയിട്ടുള്ളവരാണ്. പുലർച്ചെ തന്നെ രക്ഷാ ദൗത്യം ആരംഭിച്ചിട്ടുണ്ട്.കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ രക്ഷാദൗത്യം പരാജയപ്പെട്ടിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ദൗത്യം പരാജയപ്പെട്ടത്. തുടര്‍ന്ന് നാവികസേനയുടെ സീ കിംഗ് ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. കോഴിക്കോട് നിന്ന് പര്‍വ്വതാരോഹകരും സ്ഥലത്തെത്തിയിട്ടുണ്ട്.
യുവാവിന് ആവശ്യമായ വെള്ളവും ഭക്ഷണവും ഡ്രോണ്‍ വഴി എത്തിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബു കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. തിങ്കള്‍ രാവിലെയാണ് ബാബു പ്രദേശവാസികളായ രണ്ടു പേര്‍ക്കൊപ്പം മലയിലേക്ക് ട്രക്കിംഗ് നടത്തിയത്. പാതി വഴിയില്‍ മറ്റ് രണ്ടു പേര്‍ മടങ്ങിയെങ്കിലും ബാബു വീണ്ടും മല കയറുകയായിരുന്നു. പിന്നീട് ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.