പരാതിക്കു പരിഹാരമായി; നാറാത്ത് പുതിയ കുടിവെള്ള ടാങ്ക് ഒരുങ്ങുന്നു

കണ്ണൂർ:-40 വർഷം പഴക്കമുള്ള കുടിവെള്ള ടാങ്കിന് പകരം നാറാത്ത് ഗ്രാമപഞ്ചായത്തിൽ പുതിയ കുടിവെള്ള ടാങ്കൊരുങ്ങുന്നു. കണ്ണാടിപ്പറമ്പ് വഴപ്പറത്തെ പഴയ ടാങ്കിന്റെ ശോച്യാവസ്ഥയെ തുടർന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് മാറ്റൊരു ടാങ്ക് നിർമിക്കാൻ തീരുമാനിച്ചത്. പഴയ കുടിവെള്ള ടാങ്കിന്റെ സമീപത്താണ് പുതിയതിന്റെ നിർമാണം. പദ്ധതിക്കായി പഞ്ചായത്ത് 25 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. 55000 ലിറ്റർ കുടിവെള്ളം ഉൾകൊള്ളാൻ കഴിയുന്ന ടാങ്കാണ് പുതുതായി നിർമിക്കുന്നത്. 

പഴയ ടാങ്കിൽ 45000 ലിറ്റർ കുടിവെള്ളമായിരുന്നു ശേഖരിക്കാനാകുന്നത്. മാതോടം ലക്ഷംവീട് കോളനി, പള്ളേരി കോളനി എന്നിവിടങ്ങളിലേക്കാണ് നിലവിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. സമീപത്തെ കിണറിൽ നിന്നാണ് വെള്ളം ടാങ്കിൽ ശേഖരിക്കുന്നത്. പുതിയ ടാങ്ക് യാഥാർഥ്യമാകുന്നതോടെ പഴയ ടാങ്ക് പൊളിച്ചു നീക്കും. മാർച്ച് 31നകം ടാങ്കിന്റെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ പറഞ്ഞു.

Previous Post Next Post