കണ്ണൂർ:-സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് പ്ലാൻ ഫണ്ട് വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ ആസൂത്രണ സമതി യോഗം നിർദ്ദേശിച്ചു. ഈ വർഷത്തെ വാർഷിക പദ്ധതി നിർവ്വഹണ പുരോഗതി യോഗം വിലയിരുത്തി. പ്ലാൻ ഫണ്ടിന്റെ 49.83% മാത്രമേ ഇത് വരെ ജില്ലയിൽ വിനിയോഗിച്ചിട്ടുള്ളൂ. ഈ നില മാറണമെന്ന് സമിതി അഭിപ്രായപ്പെട്ടു. ഗ്രാമ പഞ്ചായത്തുകളിൽ 75.2% ഫണ്ട് വിനിയോഗിച്ച പാപ്പിനിശേരി പഞ്ചായത്താണ് മുന്നിൽ. 40 ശതമാനത്തിൽ താഴെ മാത്രം ഫണ്ട് വിനിയോഗിച്ച ഏഴ് ഗ്രാമപഞ്ചായത്തുകളുണ്ട്. ബ്ലോക്ക് പഞ്ചായത്തിൽ 78.13% ഫണ്ട് വിനിയോഗിച്ച് പാനൂരും നഗരസഭകളിൽ 70.94 % ഫണ്ട് വിനിയോഗിച്ച് ആന്തൂരും മുന്നിലാണ്. പ്ലാൻ ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പ്രശ്‌നങ്ങൾ സമിതി ചർച്ച ചെയ്തു.
ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗം സംബന്ധിച്ച പ്രായോഗിക പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് സമിതി അറിയിച്ചു. 19.79 ശതമാനമാണ് ജില്ലയിൽ ഇത് വരെയുള ഗ്രാന്റ് വിനിയോഗം.
എസ് സി പി ഫണ്ടിൽ മുഴുവനും വിനിയോഗിച്ച് ചെമ്പിലോട്, പയ്യാവൂർ, ഇരിക്കൂർ, ഉദയഗിരി, മൊകേരി, ഗ്രാമ പഞ്ചായത്തുകളും പാനൂർ ബ്ലോക്ക് പഞ്ചായത്തും മാതൃകയായി. 63.15 % മാണ് ജില്ലയിലെ എസ് സി പി ഫണ്ട് വിനിയോഗം.
ടി എസ് പി ഫണ്ടിൽ 65.68% വിനിയോഗിച്ചു. പെരിങ്ങോം-വയക്കര, പയ്യാവൂർ, കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തുകൾ ടി എസ് പി ഫണ്ടിന്റെ മുഴുവൻ വിഹിതവും വിനിയോഗിച്ചു. മെയിന്റനൻസ് ഗ്രാന്റ് ഫണ്ടിൽ 31.19% മാണ് ജില്ലയിലെ വിനിയോഗം. സംസ്ഥാനത്തിലും മേലെയാണിത്. ഇത് വരെ 28.8 ശതാമനമാണ് സംസ്ഥാന തലത്തിലുള്ള മെയിന്റനൻസ് ഗ്രാന്റ് വിനിയോഗം.
ഡിപിസി ചെയർപേഴ്‌സൺ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വിവാഹമുൾപ്പെടെയുള്ള ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ആഭാസങ്ങൾ തടയാൻ തദ്ദേശ സ്ഥാപനങ്ങൾ വാർഡടിസ്ഥാനത്തിൽ ജാഗത്രാ സമിതികൾ വിളിച്ച് ചേർക്കണമെന്ന് അവർ പറഞ്ഞു. ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അവർ നിർദ്ദേശിച്ചു.
ഡോ.വി ശിവദാസൻ എം പി, മേയർ ടി ഒ മോഹനൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു