അരങ്ങൊഴിഞ്ഞത് അഭിന രംഗത്തെ മഹാ പ്രതിഭ, സംസ്കാരം ഇന്ന് വൈകിട്ട്


കൊച്ചി :-  
ഇന്നലെ രാത്രി  അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം  ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത(75) അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാഗമായി. അന്തരിച്ച സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. നടന്‍ സിദ്ധാര്‍ത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായിരുന്നു.

മഹേശ്വരി അമ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേ രളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയില്‍ ചേര്‍ന്നത്. അങ്ങനെയാണ് ലളിത എന്ന പേര്‍ സ്വീകരിച്ചത്. പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെപിഎസി എന്നത് പേരിനോട് ചേര്‍ത്തു.

രാജ്യം കണ്ട ഏറ്റവും മികച്ച സ്വഭാവ നടിമാരിലൊരാളാണ് കെപിഎസി ലളിത . അഭിനയത്തികവ് കാണിക്കാൻ നായികയാകണമെന്ന് നിർബന്ധമില്ലെന്ന് തെളിയിക്കുന്നതാണ് ലളിതയുടെ അഞ്ഞൂറിലേറെ വേഷങ്ങൾ.

നമുക്കൊപ്പം അഞ്ച് പതിറ്റാണ്ടിലേറെയായി കെപിഎസി ലളിതയുണ്ടായിരുന്നു. കാമുകിയായി, അമ്മയായി. അമ്മൂമ്മയായി, അമ്മായിയമ്മയായി..

ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ അത്ഭുതപ്പെടുത്തിയ എത്രയോ സ്ത്രീ വേഷങ്ങൾ. കഥാപരിസരമായ വീടുകളിൽ  പ്രധാനവേഷക്കാരുടെ അരിക് പറ്റി നിൽക്കുമ്പോഴും വാക്കിലും നോക്കിലുമെല്ലാം അസാമാന്യമായ ലളിതാ ടച്ച് സാക്ഷ്യപ്പെടുത്തി. 

അരങ്ങിൽ നിന്നുള്ള ഊർജ്ജമായിരുന്നു ലളിതയുടെ എക്കാലത്തെയും കരുത്ത്. ഇടയറന്മുളയിൽ ജനിച്ച മഹേശ്വരിയെ , നാടറിയുന്ന ലളിത ആക്കിയത് കെ പി എ സി ആണ്.പത്താം വയസ്സിൽ തുടങ്ങിയതാണ് നാടകാഭിനയം. ചങ്ങനാശ്ശേരി ഗീതയുടെ ബലിയിൽ തുടക്കം. 64 മുതൽ യാത്ര കെ പി എ സി ക്കൊപ്പമായി. മുടിയനായ പുത്രൻ, സർവ്വേ കല്ല്, അശ്വമേധം, ശരാശയ്യ തുടങ്ങിയ സൂപ്പർ ഹിറ്റ് നാടകങ്ങളിലൂടെ അരങ്ങിലെ താരോദയമായി.

1969ൽ  കെഎസ് സേതുമാധവൻ കൂട്ടുകുടുംബം നാടകം, സിനിമയാക്കിയപ്പോൾ നാടക നടി സിനിമയുടെ  വെള്ളിവെളിച്ചത്തിലേക്ക് എത്തി. പിന്നെ നിരവധി വേഷങ്ങൾ. അടൂരിന്റെ ക്ലാസിക് കൊടിയേറ്റത്തിൽ ഭരത് ഗോപിക്കൊപ്പം  നിന്ന നായിക. നായികയാകണമെന്ന നിർബന്ധമില്ലാതെ പിന്നീട് ലളിതയുടെ മികച്ച വേഷങ്ങൾ വെള്ളിത്തിരയിലെത്തി. മതിലുകളിൽ മമ്മൂട്ടിയുടെ ബഷീറിനൊപ്പം ലളിതയുടെ നാരായണി നിറഞ്ഞ് നിന്നത് വെറും ശബ്ദത്തിലൂടെ മാത്രമാണ്. 

സംവിധായകൻ ഭരതനുമായുള്ള വിവാഹശേഷവും ഭരതന്റെ മരണശേഷവും ഒക്കെ ഇടവേള എടുത്തെങ്കിലും പിന്നീടുുള്ള തിരിച്ചുവരവുകളെല്ലാം ലളിത വീണ്ടും വീണ്ടും അനശ്വരമാക്കിക്കൊണ്ടിരുന്നു. കാലം മാറുമ്പോഴും സിനിമ മാറുമ്പോഴും  തലമുറകൾക്കൊപ്പം അവർ  ചേ‍ർന്നു നിന്നു. ശാന്തത്തിലെയും അമരത്തിലെയും പ്രകടനത്തിനുള്ള  ദേശീയ പുരസ്ക്കാരവും നാല് സംസ്ഥാന അവാർഡുകളും മികവിന്റെ അംഗീകാരങ്ങളായി. 

ചമയമഴിച്ച് മടങ്ങുമ്പോഴും അഭിനയത്തിൻറെ ആരവങ്ങളുയർത്തി ഈ നടി സിനിമാപ്രേമികളുടെ വീട്ടുകാര്യങ്ങളിൽ, മനസ്സിൽ എന്നുമുണ്ടാകും.

Previous Post Next Post