തലശ്ശേരി:- ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ് ചാമ്പ്യന്മാരായി. ഫൈനലിൽ 22 റൺസിന് കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്.
കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ് 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. അപ്പാച്ചി ക്രിക്കറ്റ് ക്ലബ്ബ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. 34 റൺസും രണ്ട് വിക്കറ്റും വീഴ്ത്തി കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ് താരം സി.കെ.ഷാജിർ ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി. ടൂർണമെന്റിലെ മികച്ച താരമായി കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബിന്‍റെ ജംഷീദിനെയും മികച്ച ബാറ്റ്സ്മാനായി രഞ്ജി ക്രിക്കറ്റ് ക്ലബ്ബിന്‍റെ മുസദ്ദിക്കിനെയും മികച്ച ബൗളറായി കോസ്മോസ് ക്രിക്കറ്റ് ക്ലബിന്‍റെ പി.പി.ബദറുദ്ദീനെയും തിരഞ്ഞെടുത്തു.
ജില്ലാ സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടന മത്സരത്തിൽ തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് 31 റൺസിന് ടെലിച്ചറി ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു.
ടെലിച്ചറി ക്രിക്കറ്റ് ക്ലബ്ബ് 18.5 ഓവറിൽ 114 റൺസിന് എല്ലാവരും പുറത്തായി. നാലുവിക്കറ്റ് വീഴ്ത്തി കൊട്ടാരം ബ്രദേഴ്സ് താരം ബിൽജോ മാൻ ഓഫ് ദി മാച്ചായി.
കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബുധനാഴ്ച നെട്ടൂർ ക്രിക്കറ്റ് ക്ലബ്ബ്, തലശ്ശേരി വാലിയൻറ് ക്രിക്കറ്റ് ക്ലബ്ബിനെയും തലശ്ശേരി ക്രൈസ്റ്റ് കോളേജ്, വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ്ബിനെയും നേരിടും.