സാമ്പത്തിക ബാധ്യത; കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം വിഷവാതകം ശ്വസിച്ച് മരിച്ചനിലയിൽ

തൃശൂർ:-കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചന്തപ്പുര ഉഴുവത്തുകടവിൽ കാടാംപറമ്പ് ഉബൈദുള്ളയുടെ മകൻ ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരാണു മരിച്ചത്. അടച്ചിട്ട മുറിയിൽ വിഷവാതകം ശ്വസിച്ച നിലയിലാണ്. ആത്മഹത്യയെന്നാണു പൊലീസും നാട്ടുകാരും നൽകുന്ന സൂചന.

ഭാര്യയേയും രണ്ട് പെൺകുട്ടികളേയും കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

മികച്ച നിലയിൽ കഴിഞ്ഞിരുന്ന ഇവർക്ക് അടുത്തിടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി പറയുന്നു. വീട് ജപ്തി ഭീഷണിയിൽ ആയിരുന്നെന്നും സൂചനയുണ്ട്. പൊലീസ് ഈ വിവരങ്ങൾ സ്ഥിരീകരിക്കുന്നതേയുള്ളു. വീട്ടിലെ മറ്റംഗങ്ങൾ താഴത്തെ നിലയിലും അഷിക്കും ഭാര്യയും മക്കളും മുകൾ നിലയിലുമാണു താമസിച്ചിരുന്നത്.

രാവിലെ പതിവു സമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ വന്നതോടെ താഴെയുള്ളവർ മുറിയിൽ മുട്ടിവിളിച്ചു. എന്നാൽ തുറന്നില്ല. ഒടുവിൽ അയൽക്കാരെത്തി മുകൾ നിലയിൽ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരും മരിച്ചനിലയിൽ കിടക്കുന്നതു കണ്ടത്. പൊലീസെത്തി വാതിൽപൊളിച്ച് അകത്തുകയറി പരിശോധന നടത്തുകയാണ്.

വിഷവാതകം മൂലമുള്ള മരണത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തണമെന്നു പൊലീസ് പറഞ്ഞു. ഏതു വിഷവാതകമാണെന്നും ഉപയോഗിച്ചത് എങ്ങനെയാണെന്നും വിശദമായ അന്വേഷണത്തിൽ മാത്രമേ മനസ്സിലാക്കാനാകൂ. മരണത്തിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുന്ന ആഷിക് കുഞ്ഞുങ്ങളെയും ചേർത്ത് ആത്മഹത്യ ചെയ്തു എ‌ന്നു വിശ്വസിക്കാനാവാത്ത നിലയിലാണു നാട്ടുകാർ.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Previous Post Next Post