കൊളച്ചേരി :- ഓരോ ഭാഷയ്ക്കും പ്രാദേശിക ഭേദങ്ങൾ ഉണ്ടെന്നും അത്തരം നാട്ടുഭാഷകൾ മണ്ണിൻ്റെ മണമുള്ളതാണെന്നും അത് നാടിൻ്റെ നട്ടെല്ലാണെന്നും എത്ര പരിഷ്കാരങ്ങൾ വന്നാലും നാട്ടുഭാഷയെ കൈവിടരുതെന്നും കവി രതീശൻ ചെക്കിക്കുളം പറഞ്ഞു.
കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ മാതൃഭാഷാ ദിന പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ശ്രേഷ്ഠ ഭാഷയായ മലയാള ഭാഷ നമ്മുടെ മാതൃഭാഷയായത് നമ്മുടെ പുണ്യമാണ്. ഓരോ കുഞ്ഞും പ്രവൃത്തികളിലും ഭാഷണത്തിലും മാതൃഭാഷയെ ചേർത്തു പിടിക്കണം. മലയാളത്തിലെ മൂല്യവത്തായ പുസ്തകങ്ങൾ ധാരാളം വായിച്ച് ഭാഷയെ പോഷിപ്പിക്കണം. പാട്ടുകൾ പാടിയും കവിതകൾ ചൊല്ലിയും കുട്ടികളുടെ ചോദ്യങ്ങളോട് പ്രതികരിച്ചും അദ്ദേഹം കുട്ടികളോടൊപ്പം കൂടി.
പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ അധ്യക്ഷനായി.എസ്.എസ്.ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ ആശംസ നേർന്നു.സ്കൂൾ ലീഡർ ആരാധ്യ.പി സ്വാഗതവും വി.വി. രേഷ്മ ടീച്ചർ നന്ദിയും പറഞ്ഞു. ഭാഷാ ദിന പ്രതിജ്ഞ, കവിതാ രചന, ചുമർ മാസിക നിർമ്മാണം, മധുരം മലയാളം പ്രത്യേക സ്കൂൾ റേഡിയോ പ്രോഗ്രാം എന്നിവ നടന്നു.