'
തളിപ്പറമ്പ്:- എസ് ഇ ബി സൗര പുരപ്പുറം സോളാർ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സ്ഥാപിച്ച സോളാർ പ്ലാൻറ് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാച്ചേനിയിലെ എസ് എ രാമചന്ദ്രന്റെ വീട്ടിലാണ് സൗര പ്രൊജക്ട് ഫേസ് ടുവിൽ ഉൾപ്പെടുത്തി നാല് കിലോ വാട്ട് സോളാർ പ്ലാൻറ് സ്ഥാപിച്ചത്.
ചടങ്ങിൽ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ഷീബ അധ്യക്ഷയായി. കെഎസ്ഇബി പയ്യന്നൂർ ഡിവിഷൻ അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ഇൻ ചാർജ് പി സി റോജ റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി എം കൃഷ്ണൻ മുഖ്യാതിഥിയായി. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി ബാബുരാജൻ, ഗ്രാമപഞ്ചായത്തംഗം എ കെ സുജിന, തളിപ്പറമ്പ് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ പി. ജ്യോതീന്ദ്രനാഥ്, കോണ്ടോസ് ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡ് കോ ഓർഡിനേറ്റർ സി. ധീരജ്, ഗൃഹനാഥൻ എസ് എ രാമചന്ദ്രൻ, പരിയാരം ഇലക്ട്രിക്കൽ സെക്ഷൻ പി പി ജിതേഷ് എന്നിവർ സംസാരിച്ചു.
കേരളത്തിലെ സൗരോർജ ഉത്പാദന ശേഷി 1,000 മെഗാ വാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഊർജകേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കി വരുന്നതാണ് സൗര പദ്ധതി. ഇതിൽ 500 മെഗാവാട്ട് പുരപ്പുറ സൗരോർജ പ്ലാന്റുകൾ ആണ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ പുരപ്പുറ പദ്ധതിയിൽ മാർച്ചിനകം 100 മെഗാവാട്ട് പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്ന് കിലോ വാട്ട് വരെ വരെ 40% സബ്‌സിഡിയും മൂന്ന് മുതൽ 10 കിലോ വാട്ട് വരെ 20% സബ്‌സിഡിയുമാണ് അനുവദിക്കുക. തളിപ്പറമ്പ് മണ്ഡലത്തിൽ 89 സൈറ്റുകളിൽ നിന്നുമായി 346 കിലോ വാട്ടിന്റെ നിർമാണ പ്രവൃത്തി നടന്നു വരുന്നു.