കണ്ണൂർ:-വളർത്തുമൃഗങ്ങളെ ചികിത്സിക്കാൻ ഇനി മൃഗഡോക്ടർ ആധുനിക ഉപകരണങ്ങളുള്ള ആംബുലൻസിൽ വീട്ടിലെത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് ആംബുലൻസ് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഫ്‌ളാഗ് ഓഫ് ചെയ്തു.
മലയോരത്തടക്കം ക്ഷീരകർഷകർ വളർത്തുന്ന കന്നുകാലികൾക്ക് അടിയന്തര സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും ഈ സൗജന്യ സേവനം ആരംഭിച്ചത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.15 കോടി രൂപ ചെലവഴിച്ചാണ് ആധുനിക ടെലി വെറ്ററിനറി യൂണിറ്റ് ആംബുലൻസ് പ്രവർത്തന സജ്ജമാക്കിയത്. കിടപ്പിലായ മൃഗങ്ങളെ ഉയർത്താനുള്ള കൗ ഫിൽട്ടർ, ഡിജിറ്റൽ എക്‌സ്‌റേ മെഷീൻ, മൈക്രോസ്‌കോപ് ഫ്രിഡ്ജ്, ജനറേറ്റർ തുടങ്ങിയ ഉപകരണങ്ങൾ ആംബുലൻസിൽ സജ്ജീകരിച്ചിട്ടുണ്ട്.
പി.ജി ഡോക്ടറും എക്‌സ്‌റേ ടെക്‌നീഷ്യനും ആംബുലൻസിൽ ഉണ്ടാകും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് തുടക്കത്തിൽ സേവനം ലഭിക്കുക. ചികിത്സയ്ക്കായി അതതു സ്ഥലങ്ങളിലെ മൃഗാശുപത്രിയുമായാണ് ബന്ധപ്പെടേണ്ടത്. തദ്ദേശസ്ഥാപനങ്ങളിലെ മൃഗഡോക്ടറുടെ നിർദേശം ലഭിച്ചാലായിരിക്കും ജില്ലാ ആശുപത്രിയിൽ നിന്നു ആംബുലൻസ് സേവനം ലഭ്യമാക്കുക. ആംബുലൻസ് യൂണിറ്റെത്തി രോഗനിർണയം കഴിഞ്ഞാൽ തുടർന്നുള്ള ചികിത്സ അതാതു സ്ഥലങ്ങളിലെ മൃഗഡോക്ടറുടെ നേതൃത്വത്തിൽ നടക്കും. ഒരേ സമയം ഒന്നിൽ കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ നിന്നു സേവനത്തിന് വിളിച്ചാൽ ആദ്യം വിളിക്കുന്നവർക്കായിരിക്കും മുൻഗണന നൽകുകയെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. എസ് ജെ ലേഖ പറഞ്ഞു.
ചടങ്ങിൽ മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജാൻസി സി കാപ്പൻ അധ്യക്ഷയായി. ചീഫ് വെറ്ററിനറി ഓഫിസർ ഡോ. എസ് ജെ ലേഖ, സീനിയർ വെറ്ററിനറി സർജൻ ഡോ. കെ മുരളീധരൻ പങ്കെടുത്തു.