തളിപ്പറമ്പ്:- പതിനാല് നാൾ നീണ്ടുനിന്ന തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രോത്സവം ഞായറാഴ്ച വൈകീട്ട് കൂടിപ്പിരിയലോടെ സമാപിക്കും.
വൈകീട്ട് ബലിബിംബങ്ങൾ ചാർത്തോടെ പുറത്തെഴുന്നള്ളിച്ച് ചുറ്റമ്പലത്തിൽ ശ്രീഭൂതബലി നടക്കും. പ്രദക്ഷിണത്തിനിടയിൽ ഭക്തജനങ്ങൾക്ക് മോതിരംവെച്ച് തൊഴാനുള്ള സൗകര്യമുണ്ട്. ക്ഷേത്രപ്രദക്ഷിണമായാൽ പാൽ എഴുന്നള്ളിച്ച് വെക്കും. അരയാൽതറവരെ ബലരാമനും ശ്രീകൃഷ്ണനും ഓടിയെത്തും. ഭക്തജനങ്ങളുടെ ‘ഗോവിന്ദാ’ വിളികൾക്കിടയിൽ ദേവൻമാർ നൃത്തംചെയ്യും.
കൂടിപ്പിരിയലോടെ ഉത്സവത്തിനും സമാപനമാകും. ശനിയാഴ്ച വൈകീട്ട് ക്ഷേത്രച്ചിറയിൽ ആറാട്ട് നടന്നു.