മയ്യിൽ :- ബസ്സ് യാത്രക്കിടെ ബസ്സിൽ കുഴഞ്ഞ് വീണ വിദ്യാർത്ഥിനിയെ അടിയന്തരമായി ആസ്പത്രിയിൽ എത്തിച്ചു മാതൃകയായി ബസ്സ് ജീവനക്കാർ . മയ്യിൽ - എരിഞ്ഞിക്കടവ് - കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന വിന്നർ ബസ്സിൽ ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. കണ്ണൂർ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ബസ്സിൽ കുഴഞ്ഞ് വീണത്.
ഡ്രൈവർ അർഷാദ്, കണ്ടക്ടർ ജസ്സിം, ക്ലീനർ സതീശൻ എന്നിവർ ചേർന്ന് യാത്രക്കാരുടെ സഹകരണത്തോടെ വഴിയിൽ നിന്ന യാത്രക്കാരെ കയറ്റാതെ ബസ്സ് അംബുലൻസ് ആയി മാറി എത്രയും പെട്ടെന്ന് കുട്ടിയെ ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു.
കണ്ണൂരിൽ ഉൾപ്പെടെ പലയിടങ്ങളിലും അകാരണമായി വിദ്യാർത്ഥികൾ ബസ്സ് ജീവനക്കാരെ മർദ്ദിക്കുമ്പോഴും ബസ്സിൽ വരുന്ന യാത്രക്കാരായ വിദ്യാർത്ഥികൾ ജീവനക്കാർക്ക് സ്വന്തം കൂടപിറപ്പുകളോ, മക്കൾക്ക് തുല്യമോ എന്ന മനോഭാവത്തിൽ മാറ്റമില്ല എന്നത് ഒരിക്കൽക്കൂടി തെളിയിക്കുകയായിരുന്നു വിന്നർ ബസ്സിലെ ജീവനക്കാരായ അർഷാദും, ജസ്സിമും , സതീശനും.ജീവനക്കാരുടെ മാതൃകാപരമായ പെരുമാറ്റത്തിനും , നല്ല മനസ്സിനെയും യാത്രക്കാരും നാട്ടുകാരും അനുമോദിച്ചു.