കണ്ണൂർ :- കൂടിവരുന്ന ഇന്ധന വിലയിൽ നിന്നു കരകയറാൻ സി.എൻ. ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ഓട്ടോറിക്ഷ എടുത്തവർ നെട്ടോട്ടത്തിൽ. ഇന്ധന ലാഭം കണക്കിലെടുത്ത് പലരും സി.എൻ.ജി ഓട്ടോയിലേക്ക് മാറുമ്പോഴും ഇന്ധനം നിറക്കാൻ സംവിധാനമില്ലാത്തതാണ് തിരിച്ചടിയാകുന്നത്.
ജില്ലയിൽ 250 ഓളം സി.എൻ.ജി ഓട്ടോറിക്ഷകളുണ്ട്. എന്നാൽ കണ്ണൂർ നഗരത്തിൽ സെൻട്രൽ ജയിൽ പമ്പിൽ മാത്രമാണ് സി.എൻ.ജി പമ്പുള്ളത്.മട്ടന്നൂരിലാണ് മറ്റൊരു പമ്പ്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി സെൻട്രൽ ജയിൽ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തുന്നവരുടെ നീണ്ട നിരയാണുള്ളത്. പല രും പുലർച്ചെ മൂന്നിനു പമ്പിലെത്തി കാത്തിരിക്കുന്ന സ്ഥിതിയാണ്. ഇതിനിടയിൽ സി.എൻ.ജി ലോറികൾവന്നാൽ 40,50 കിലോ ഗ്യാസ് ലോറികൾക്ക് തന്നെ ആവശ്യം വരും.
ഇതോടെ ഓട്ടോറിക്ഷകൾക്ക് ഗ്യാസ് കിട്ടാതെയാകും. പഴയങ്ങാടി, തളിപ്പറമ്പ്, വാരം എന്നിവിടെയുള്ളവർക്ക് ഗ്യാസ് നിറച്ച് തിരിച്ചു പോകുന്നതും വലിയ പ്രയാസമാണ്.സൗകര്യപ്രദമായ സ്ഥലമില്ലാത്തതാണ് സി.എൻ.ജി പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള തടസമായി ബന്ധപ്പെട്ടവർ പറയുന്നത്.
ഡീസൽ, പെട്രോൾ ടാങ്കുകളുടെ നിശ്ചിത അകലത്തിലായിരിക്കണം സി.എൻ.ജി ടാങ്കുകൾ സ്ഥാപിക്കേണ്ടതെന്നും ഇതിനായി 50 സെന്റ് സ്ഥലമെങ്കിലുമുള്ള പെട്രോൾ പമ്പുകളിൽ മാത്രമെ സാധിക്കുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.ഗെയിൽ പൈപ്പ് ലൈൻ യാഥാർഥ്യമാകുന്നതോടെ സി .എൻ.ജി പമ്പുകൾ സജീവമാകുമെന്ന പ്രതീക്ഷയിലാണ് പലരും. മുഴപ്പിലങ്ങാട്, ഏച്ചൂർ, വാരം എന്നിവിടങ്ങളിൽ സി.എൻ.ജി പമ്പുകൾ സ്ഥാപിക്കാനുള്ള പദ്ധ തിയുണ്ട്.ഏച്ചൂരിലെ പമ്പിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. ഒരു കിലോ ഗ്യാസ് അടിച്ചാൽ 32 കി ലോമീറ്ററോളം ഓടാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ ഓട്ടോറിക്ഷകൾക്ക്
ഒരു ലിറ്റർ പെട്രോളിന് 20 കിലോമീറ്ററാണ് മൈലേജ്. ആറുകിലോ പെട്രോൾ ടാങ്കാണ് സി.എൻ.ജി - ഓട്ടോറിക്ഷകളുടേത്.അടിയന്തിര ഘട്ടത്തിൽ പെട്രോൾ അടിക്കേണ്ടി വന്നാൽ ഒരു ലിറ്ററിന് 15,16 കിലോമീറ്റർ മാത്രമാണ് മൈലേജ് ലഭിക്കുന്നത്.മൂന്നു ലക്ഷം രൂപ മുടക്കിയാണ് സി.എൻ.ജി ഓട്ടോയെടുക്കുന്നത്.