കണ്ണൂർ:-സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ജനപ്രതിനിധികള്‍ക്ക് ജയം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരം നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
അത്യന്തം വാശിയേറിയ മത്സരത്തിനാണ് പയ്യാമ്പലം ബേ ക്ലബ്ബ് ടര്‍ഫ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജനപ്രതിനിധികളുടെ ടീം മാധ്യമ പ്രവര്‍ത്തകരെ പരാജയപ്പെടുത്തിയത്. ജനപ്രതിനിധികളുടെ ടീമിന് വേണ്ടി എം വിജിന്‍ രണ്ട് ഗോളുകളും ഷമീര്‍ ഊര്‍പ്പള്ളി ഒരു ഗോളും നേടിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ടീമിന് വേണ്ടി വിപിന്‍ ദാസാണ് ഏക ഗോള്‍ നേടിയത്. കളിക്കളത്തില്‍ നിറഞ്ഞ് കളിച്ച രാമചന്ദ്രന്‍ കടന്നപ്പള്ളി കാണികള്‍ക്ക് ആവേശമായി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ക്യാപ്റ്റനും കെ വി സുമേഷ് എംഎല്‍എ വൈസ് ക്യാപ്റ്റനുമായ ജനപ്രതിനിധികളുടെ ടീമിന് വേണ്ടി എം വിജിന്‍ എംഎല്‍എ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ഷമീര്‍ ഊര്‍പ്പള്ളി, അര്‍ജ്ജുന്‍, സന്തോഷ് തുടങ്ങിയവര്‍ അണി നിരന്നു.
പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എ കെ ഹാരിസ് ക്യാപ്റ്റനും ജോയിന്റ് സെക്രട്ടറി ടി കെ എ ഖാദര്‍ വൈസ് ക്യാപ്റ്റനുമായ മാധ്യമ പ്രവര്‍ത്തകരുടെ ടീമിന് വേണ്ടി ഷിഹാബ്, വിപിന്‍ ദാസ്, പ്രിയേഷ്, ജിഷ്ണു, നിഖില്‍ എന്നിവരും കളത്തിലിറങ്ങി. പി പി ഷാജിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ സംസാരിച്ചു.