കൊളച്ചേരി :- കൈവരിയില്ലാത്തത് മൂലം അപകടത്തിൽ പെട്ട് ബൈക്ക് യാത്രികനായി ശ്രീ.സി ഒ.ഭാസ്കരൻ മരണപ്പെട്ട പള്ളിപ്പറമ്പ് മുക്കിലെ കനാലിന് കൈവരികൾ നിർമ്മിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു.
ആണ്ടല്ലൂർ കാവ് - പറശ്ശിനികടവ് റോഡിൽ പളളിപ്പറമ്പ് മുക്കിലാണ് അപകടകരമായ കൈവരിയില്ലാത്ത കനാൽ ഉള്ളത്. നാഷണൽ ഹൈവേ വിഭാഗം നിർമ്മാണ പ്രവൃത്തി നടത്തുന്ന റോഡിൽ അപകട സാധ്യതയുള്ള ഈ സ്ഥലത്ത് സുരക്ഷാ സംവിധാനങൾ നിർമ്മിക്കണമെന്ന് അധികാരികളെ അറിയിച്ചിരുന്നെങ്കിലും യാതൊരു പ്രവൃത്തികളും നടത്താത്തതാണ് അപകടത്തിലേക്ക് നയിച്ചത് .
ബൈക്ക് യാത്രികൻ്റെ ദാരുണാന്ത്യത്തോടെ നാഷണൽ ഹൈവേ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറും സംഘവും സ്ഥലം സന്ദർശിക്കുകയും ആവശ്യമായ സുരക്ഷാ ബോർഡുകളും കൈവരികളും റിഫ്ലക്ടറുകളും സ്ഥാപിക്കാനായി കരാറുകാർക്ക് നിർദ്ദേശം നൽകുകയായിരുന്നു .അതിനെ തുടർന്നാണ് റോഡിൽ ഇന്ന് പ്രവൃത്തികൾ ആരംഭിച്ചത്.
കുദ്രോളി ബിൽഡേഴ്സ് & ഇൻഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലി. കമ്പിനിയാണ് 25 കോടിയുടെ ആണ്ടല്ലൂർ കാവ് - പറശ്ശിനികടവ് റോഡിൻ്റെ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്.
അതേ സമയം റോഡിൻ്റെ ശോചനീയാവസ്ഥയ്ക്കൊതിരെ പ്രദേശവാസികളായ നാട്ടുകാർ ഇവിടെ സംഗമം നടത്തുകയും അധികൃതരുടെ അനാസ്ഥ വെളിച്ചത്ത് കൊണ്ടുവരാനായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.മാർച്ച് 13 ഞായറാഴച രാവിലെ 9 മണിക്ക് വിപുലമായ ഒരു ആലോചനായോഗവും ചേരുന്നുണ്ട്.