കൊളച്ചേരി :- റോഡുപണി കഴിഞ്ഞ് മാസങ്ങളായിട്ടും അപകടകരമായ കനാൽ റോഡിന് കൈവരി സ്ഥാപിക്കാത്തത് മൂലം അപകടത്തിൽ പെട്ട് ജീവൻ പൊലിഞ്ഞ കാവും ചാലിലെ സി ഒ ഭാസ്കരൻ്റെ വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്. ഇന്നലെ ഉച്ചയ്ക്ക് കട അടച്ച് സാധനം വാങ്ങാൻ കമ്പിലേക്ക് പോയതായിരുന്നു ഇദ്ദേഹം.സാധനങ്ങളുമായി സ്കൂട്ടറിൽ തിരിച്ചു വരുമ്പോഴാണ് സ്കൂട്ടർ അപകടത്തിൽ പെട്ട് കനാലിൽ പതിച്ച് മരണം സംഭവിച്ചത്.
പള്ളിപ്പറമ്പ് മുക്കിലെ ഇറക്കത്തിൽ ഇങ്ങനെയൊരു അപകടം പതിയിരിക്കുന്ന കാര്യം നാട്ടുകാർ പല തവണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും സ്ഥലം സന്ദർശിക്കാൻ പോലും എക്സിക്യൂട്ടീവ് എഞ്ചിനീയറും സംഘവും തയ്യാറായിരുന്നില്ല.
ഇതിൽ പ്രദേശവാസികളായ നാട്ടുകാരുടെ പ്രതിഷേധം ചെറുതല്ല. ഇന്നലെ സംഭവിച്ച അപകട വാർത്ത അറിഞ്ഞത് മുതൽ നാട്ടുകാർ റോഡിൻ്റെ ദുരവസ്ഥയിൽ രോഷാകുലരുമാണ്.
അതിനിടയിലാണ് ജനങ്ങളെ ബോധിപ്പിക്കാനായി എക്സിക്യുട്ടീവ് എഞ്ചിനീയറുടെയും സംഘത്തിൻ്റെയും രംഗ പ്രവേശനം. ഇന്ന് രാവിലെ സംഭവ സ്ഥലത്തെത്തിയ സംഘം വാഹനത്തിൽ നിന്നും അളവ് ടാപ്പ് എടുക്കുകയും കനാൽ അളക്കുകയും ചെയ്യുന്നത് കണ്ട നാട്ടുകാർ അടുത്ത് ചെന്ന് കാര്യം തിരക്കി. അപ്പോൾ കൈവരി സ്ഥാപിക്കാനാണെന്ന മറുപടി നാട്ടുകാരിൽ രോഷം ജനിപ്പിക്കുകയും ഇത്രയും മാസമായി ഇക്കാര്യം അറിഞ്ഞില്ലെ എന്ന് ചോദിച്ച് അധികാരികളുടെ അളവെടുക്കലും മറ്റും നിർത്തിവെപ്പിച്ച് തിരിച്ചു പോവാൻ ആവശ്യപ്പെട്ടു. ഇനിയും ഇവിടെ നിന്നാൽ കാര്യം പന്തിയല്ലെന്ന് കണ്ട എക്സിക്യുട്ടീവ് എഞ്ചിനീയറും സംഘവും അളവ് മതിയാക്കി തിരിച്ചുപോയി. ഇവർ ഇന്ന് കാണിച്ച ഈ ശുഷ്കാന്തി മാസങ്ങൾക്ക് മുന്നേ കാണിച്ചിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്ന് രോഷാകുലരായ ജനങ്ങൾ അധികാരികളെ ഓർമ്മിപ്പിക്കാനും മറന്നില്ല.
ഇന്നലെ അന്തരിച്ച ഭാസ്കരൻ്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ചു പൊതു ദർശനത്തിനു വച്ചു. ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ബന്ധുജനങ്ങളും അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. തുടർന്ന് പയ്യാമ്പലത്ത് അനുശോചനയോഗവും നടന്നു.