കണ്ണൂർ: കണ്ണൂർ നഗരത്തിലൂടെ അമിതവേഗത്തിൽ, ഭീതി ജനിപ്പിച്ച് ഓടിച്ച ബൈക്ക് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരനെതിരെ കേസെടുത്തു. എടക്കാട് കുറ്റിക്കകം ചാലിൽ ഹൗസിലെ പി.കെ.സുമോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ബൈക്കെന്നും ഇയാളെ കണ്ടുകിട്ടിയില്ലെന്നും പോലീസ് പറഞ്ഞു.
ചില യാത്രക്കാരുടെ പരാതിപ്രകാരം ട്രാഫിക് പോലീസിന്റെ റിപ്പോർട്ടനുസരിച്ചാണ് കേസെടുത്തത്. ഓടുമ്പോൾ അമിതശബ്ദം ഉണ്ടാകുന്നതിന് ബൈക്ക് രൂപമാറ്റം വരുത്തിയിരുന്നു. പിന്നിൽ നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും മുൻഭാഗത്തെ നമ്പർ പ്ലേറ്റ് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം മറച്ചുവെച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
നഗരത്തിലും താവക്കര പുതിയ ബസ്സ്റ്റാൻഡിലും കാതടപ്പിക്കുന്ന ശബ്ദംപുറപ്പെടുവിച്ച് അപകടം വരുത്തുന്ന വിധത്തിൽ അമിതവേഗത്തിൽ ഓടിക്കുന്നതുകണ്ട് യാത്രക്കാർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സി.സി.ടി.വി. പരിശോധിച്ച് പരാതി സ്ഥിരീകരിച്ചാണ് നടപടിയെടുത്തത്.