പാപ്പിനിശ്ശേരി :- ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി കീച്ചേരിയിൽ പുതിയ റോഡിന്റെ ഇരുഭാഗത്തുമായി സർവീസ് റോഡ് നിർമാണവും തകൃതിയിൽ. വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങളും മരങ്ങളും പൂർണമായി ഈ ഭാഗങ്ങളിൽനിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് റോഡ് വികസനത്തിന് വേഗം കൂടിയത്. സർവീസ് റോഡ് നിർമാണത്തോടൊപ്പം ഇരുഭാഗത്തെയും ഓവുചാലിന്റെ നിർമാണവും വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.
കുറ്റിക്കോൽ മുതൽ മുഴപ്പിലങ്ങാട് വരെയുള്ള 29.95 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായി റോഡിന് നിശ്ചയിച്ച 45 മീറ്റർ ദൈർഘ്യത്തിൽ എല്ലാഭാഗത്തും റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള നിരവധി അനുബന്ധ പ്രവൃത്തികളും പുരോഗമിക്കുകയാണ്. കല്യാശ്ശേരി മുതൽ കീച്ചേരി വരെ ഒരുകിലോമീറ്റർ ദൂരത്ത് മംഗലശ്ശേരി താവ വഴിയാണ് റോഡ് കടന്നുപോകുന്നത്. വലിയതോതിൽ വെള്ളംകെട്ടിനിൽക്കുന്ന പ്രദേശമായതിനാൽ ഇരുഭാഗത്തും പാർശ്വഭിത്തിയുടെ നിർമാണവും കാലവർഷത്തിന് മുൻപ് തീർക്കാനുള്ള ശ്രമത്തിലാണ്.
കണ്ണൂർ ബൈപ്പാസിന്റെ നിർമാണക്കരാർ ഹൈദരാബാദ് ആസ്ഥാനമായ വിശ്വസമുദ്ര ഗ്രൂപ്പിനാണ്. വിവിധ കേന്ദ്രങ്ങളിൽ പ്രധാന കരാറുകാരന്റെ കീഴിലുള്ള ഉപകരാറുകാരാണ് പണിയുടെ മേൽനോട്ടം വഹിക്കുന്നത്. കരാറുകാരും സൂപ്പർവൈസർമാരും ഭൂരിഭാഗം തൊഴിലാളികളും മറുനാട്ടുകാരാണ്. റോഡ് നിർമാണത്തെക്കുറിച്ച് ഉയരുന്ന പല ആശങ്കകളും സംശയങ്ങളും ഇവരിൽനിന്ന് ദൂരീകരിക്കാൻ നാട്ടുകാർക്ക് കഴിയാത്ത അവസ്ഥയുമുണ്ട്. കൃത്യമായ ഡി.പി.ആർ. ഇനിയും പൊതുജനങ്ങളിലെത്താത്തതിനാൽ റോഡ് വികസനത്തിന്റെ ഭാഗമായുള്ള അടിപ്പാതയും മേൽപ്പാതയും എവിടെയെല്ലാമുണ്ടാകുമെന്നതിനും വ്യക്തതയുണ്ടായിട്ടില്ല.