"റോഡ് മാര്‍ഷ് അന്തരിച്ചെന്ന വാര്‍ത്ത ദുഃഖത്തോടെയാണ് കേള്‍ക്കുന്നത്. നമ്മുടെ മഹത്തായ കളിയിലെ ഇതിഹാസമായിരുന്നു അദ്ദേഹം.
_ഒരുപാട് ചെറുപ്പക്കാര്‍ക്കും ചെറുപ്പക്കാരികള്‍ക്കും പ്രചോദനമായിരുന്നു. ക്രിക്കറ്റിനെ ആഴ്ത്തില്‍ കരുതലോടെ കൊണ്ടു നടന്നയാളായിരുന്നു റോഡ്. ക്രിക്കറ്റിനു വേണ്ടി ഏറെ സമര്‍പ്പിച്ചയാളാണ്; പ്രത്യേകിച്ചും ഓസീസ്, ഇംഗ്ലീഷ് താരങ്ങള്‍ക്കു വേണ്ടി. റോസിനും കുടുംബത്തിനും നിറയെ സ്‌നേഹം. വിട, സുഹൃത്തേ..."_
```ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ റോഡ് മാര്‍ഷിന്റെ വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തി സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ ഇന്ന് ഏതാനും മണിക്കൂറുകള്‍ക്കുമുന്‍പ് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. ഏതാനും മണിക്കൂറുകള്‍ക്കുശേഷം അതേ വോണിന്റെ തന്നെ മരണവാര്‍ത്ത കേള്‍ക്കേണ്ടിവരുമെന്ന് ആര് നിനച്ചു!
ബാറ്റര്‍മാരെ നിരന്തരം കുഴക്കുന്ന സ്പിന്‍ മാന്ത്രികതയുടെ പേരായിരുന്നു ക്രിക്കറ്റില്‍ ഷെയ്ന്‍ വോണ്‍. ഓരോ പന്തിലും മായാജാലം ഒളിപ്പിച്ചുവച്ച ശരിക്കുമൊരു മാന്ത്രികന്‍. ഒരു തരത്തിലും ബാറ്റര്‍മാര്‍ക്ക് പ്രവചിക്കാനോ മുന്‍കൂട്ടിക്കാണാനോ കഴിയാത്തവണ്ണം അപ്രതീക്ഷിതമായിരിക്കും ഓരോ പന്തും. ഒടുവില്‍, ആര്‍ക്കും ഒരു പിടിയും നല്‍കാതെ മരണത്തിലും ആ അപ്രതീക്ഷിതത്വവും അവിശ്വസനീയതയും നിറച്ചു ഇതിഹാസം.
കമന്റേറ്ററായും കളി വിശകലനങ്ങളിലൂടെയും ക്രിക്കറ്റിന്റെ മൈതാനത്ത് അവസാന മണിക്കൂര്‍ വരെയും സജീവായിരുന്നു താരം. ക്രിക്കറ്റില്‍ മാത്രമല്ല, സാമൂഹിക വിഷയങ്ങളിലും വോണ്‍ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്താറുണ്ട്. ഏറ്റവുമൊടുവില്‍ യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയിലും വോണ്‍ തന്റെ അഭിപ്രായം പങ്കുവച്ചു. റഷ്യ നടത്തുന്നത് ന്യായീകരിക്കാനാകാത്ത സൈനിക നടപടിയാണെന്നും ലോകം മുഴുവന്‍ യുക്രൈനൊപ്പമുണ്ടെന്നും വോണ്‍ ട്വീറ്റില്‍ കുറിച്ചു.
15 വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിനിന്ന താരമായിരുന്നു വോണ്‍. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ രാജസ്ഥാനെ നയിച്ച് കന്നി കിരീടവും സ്വന്തം പേരിലാക്കി. മത്സരങ്ങളില്‍നിന്ന് വിരമിച്ച ശേഷം കമന്ററേറ്ററായും ക്രിക്കറ്റ് ലോകത്ത് സജീവമായി.
തായ്‌ലന്‍ഡിലെ കോ സാമുയിയില്‍ സ്വന്തം വസതിയിലായിരുന്നു വോണിന്റെ അന്ത്യം. വില്ലയില്‍ ബോധരഹിതനായി കണ്ടെത്തി ഉടന്‍ മെഡിക്കല്‍ സംഘമെത്തി വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്നാണ് അറിയുന്നത്.```