ഹൈക്കോടതി ഇടപെട്ടു ; ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു


തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്ക് ഡയാൺ പ്രഖ്യാപിച്ചു. പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാർക്ക് ഡയാൺ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഡയസ്നോൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.

ഡയസ്നോൺ പ്രഖ്യാപിച്ചാൽ ഉദ്യോഗസ്ഥർക്ക് ചില നിർബന്ധിത സാഹചര്യങ്ങളിൽ ഒഴികെ കാഷ്വൽ ലീവ് അനുവദിക്കില്ല. അങ്ങനയല്ലാതെ ലീവെടുക്കുന്നവരുടെ ശമ്പളം പിടിക്കുന്നതിനാണ് ഡയസ്നോൺ എന്ന് പറയുന്നത്.

ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് നിർദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ സർക്കാരിനെതിരേ കടുത്ത വിമർശനമാണ് ഉള്ളത്. സമരം മുൻകൂട്ടി കണ്ട് സർക്കാർ യാതൊരു ക്രമീകരണവും നടത്തിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

ജോലിക്കെത്തുന്ന ജീവനക്കാർക്ക് ഗതാഗത സൗകര്യം ഉറപ്പാക്കണം. ചീഫ് സെക്രട്ടറി ധനകാര്യ-പൊതുഭരണ സെക്രട്ടറിമാർ എന്നിവർ സമരം തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണം.

ജീവനക്കാർ ജോലിക്കെത്താൻ വകുപ്പ് മേധാവിമാർക്ക് ഇവർ നിർദേശം നൽകണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്.

പൊതുതാത്പര്യ ഹർജിയിലാണ് ഹൈ ക്കോടതിയുടെ ഇടപെടലുണ്ടായത്. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പണിമുടക്കിന്റെ ആദ്യദിനമായ ഇന്ന് ആകെ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേർ മാത്രമാണ്. സെക്രട്ടറിയേറ്റിൽ 4,828 ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലേയും പ്രവർത്തനവും സമാന നിലയിലായിരുന്നു.

Previous Post Next Post