ചക്കരക്കല്ല്: വീടിന്റെ രണ്ടാം നിലയുടെ നിർമാണത്തിനിടെ ബീമും സൺഷെയ്ഡും തകർന്ന് വീട്ടുടമ ഉൾപ്പെടെ രണ്ടുപേർ മരിച്ച സംഭവത്തിൽ ഞെട്ടലോടെ നാട്ടുകാർ. പള്ളിപ്പൊയിൽ ചാത്തോത്ത് കുളത്തിന് സമീപം ചൊവ്വഴ്ച ഉച്ചയോടെയാണ് ദുരന്തം ഉണ്ടായത്. വീട്ടുടമയും നിർമാണത്തൊഴിലാളിയുമായ മാരമംഗലത്ത് വീട്ടിൽ മുണ്ടാണി കൃഷ്ണൻ (59), നിർമാണത്തൊഴിലാളി കൊറ്റാളി അത്താഴക്കുന്ന് അംബേദ്കർ കോളനിയിലെ അരിങ്ങളയൻ ഹൗസിൽ ലാലൻ (45) എന്നിവരാണ് മരിച്ചത്.
വീടിന്റെ രണ്ടാംനില നിർമിക്കുന്നതിന് സ്ഥാപിച്ച ബീമിന്റെ പലകയും താങ്ങുതൂണുകളും ഇളക്കിമാറ്റുന്നതിനിടയിൽ ബീം തകർന്ന് തൊഴിലാളികളുടെ ദേഹത്ത് പതിക്കുകയായിരുന്നു. അശാസ്ത്രീയമായ നിർമാണരീതിയാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. രണ്ടാം നിലയ്ക്കുവേണ്ടി നിർമിച്ച കൂറ്റൻ ബീമിന്റെ വശങ്ങൾ ആവശ്യമായത്ര നീളത്തിൽ ചുമരുകൾക്ക് ഉള്ളിലേക്ക് കയറ്റി കോൺക്രീറ്റ് ചെയ്യാത്ത നിലയിലാണ്. മാത്രമല്ല ബീമിന്റെ മുകൾവരെ ആവശ്യമായ ചെങ്കല്ലുകൾ സ്ഥാപിച്ചശേഷമാണ് താങ്ങുകാലുകളും പലകയും നീക്കം ചെയ്യേണ്ടത്. എന്നാൽ ഇവിടെ അതുമുണ്ടായില്ല. ഇതെല്ലാം അപകടത്തിന് കാരണമായി.
തൊഴിലാളികളുടെ കൂടെ ജോലി ചെയ്യുകയായിരുന്ന വീട്ടുടമകൂടിയായിരുന്ന കൃഷ്ണൻ 35 വർഷമായി നിർമാണത്തൊഴിലാളിയാണ്. താഴെ നിൽക്കുകയായിരുന്ന കൃഷ്ണന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു തൊഴിലാളിയായ ലാലൻ ബീം തകർന്ന് വീണപ്പോൾ അടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. മേലെചൊവ്വയിൽനിന്ന് വന്ന ക്രെയിൻ ഉപയോഗിച്ച് ബീം പൊക്കിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. കൂടെ ജോലി ചെയ്യുകയായിരുന്ന കനകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബീം ഭാരമുള്ളതിനാൽ ആദ്യം ഓടിക്കൂടിയവർക്ക് രക്ഷാപ്രവർത്തനം എളുപ്പമായിരുന്നില്ല. കണ്ണൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും ചക്കരക്കല്ല് പോലീസും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. പുരുഷോത്തമൻ, ജി. മനോജ് കുമാർ, സി.പി. ഷാജി മോൻ എന്നിവർ നേതൃത്വം നൽകി. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ദുരന്തവിവരമറിഞ്ഞ് നിരവധി പേരാണ് ഇവിടെയെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. പ്രമീള, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻറ് കെ. ദാമോദരൻ, ഡി.സി.സി. സെക്രട്ടറി എം.കെ. മോഹനൻ തുടങ്ങിയ ജനപ്രതിനിധികളുമെത്തി.