വിശുദ്ധ മാസം ആത്മീയ മുന്നേറ്റത്തിനും മാനവിക നന്മക്കും ഉപയുക്തമാക്കുക: കാന്തപുരം

 

കോഴിക്കോട് :-വിശുദ്ധ റമസാൻ മാസത്തെ ആരാധനകൾ കൊണ്ട് ധന്യമാക്കാനും ഹൃദയ ശുദ്ധി കൈവരിച്ചു ഭാവി ജീവിതം സംശുദ്ധമാക്കാനുള്ള ശക്തി കൈവരിക്കാനും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആഹ്വനം  ചെയ്തു. വ്യക്തി വിശുദ്ധി നേടുകയും അതുവഴി കുടുംബവും സമൂഹവും നന്നാകുന്നതിലൂടെയേ നാടിന് നേട്ടമുണ്ടാവുകയുള്ളൂ. വ്യക്തിത്വം സ്‌ഫുടം  ചെയ്തെടുക്കാനുള്ള സുവർണാവസരമാണ് റമസാൻ മാസത്തിലെ വ്രതാനുഷ്‌ഠാനത്തിലൂടെ ലഭിക്കുന്നതെന്നും കാന്തപുരം പറഞ്ഞു.

പുണ്യങ്ങൾ പെയ്തിറങ്ങുന്ന വിശുദ്ധ മാസത്തിൽ നന്മകൾ വാരിക്കൂട്ടുകയും പാപങ്ങൾ കഴുകിക്കളയുകയും ചെയ്ത് വിശുദ്ധി കൈവരിക്കുന്നതിലൂടെ ലഭിക്കുന്ന ആന്തരിക ശക്തി, ഭാവി ജീവിതം വിശുദ്ധമാക്കാനുള്ള കരുത്തായി ഉപയോഗപ്പെടുത്താനാകണം. ക്ഷമയുടെയും സഹനത്തിന്റെയും മാസമാണ് വിശുദ്ധ റമസാൻ. സഹനവും സംയമനവുമാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി കാലഘട്ടം പ്രത്യേകമായും ആവശ്യപ്പെടുന്നത്. ഈ  നിലക്ക് കൂടിയുള്ള പരിശീലന കളരിയായി വിശുദ്ധ മാസത്തെ കാണണം. സംയമനത്തിന്റെയും സഹാനുഭൂതിയുടെയും മികച്ച മാതൃകകൾ സൃഷ്ടിച്ചു വലിയൊരു പരിവർത്തനം സൃഷ്ടിക്കാൻ വിശ്വാസികൾ തയ്യാറാകണം.

പ്രകോപനങ്ങളും പ്രലോഭനങ്ങളും ആണ് ആധുനിക സമൂഹം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നവും പ്രതിസന്ധിയും. പ്രകോപനങ്ങൾ സൃഷ്ടിക്കുക, അതിൽ നിന്ന് മുതലെടുപ്പ് നടത്തുക എന്നതാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. അതിന് വശംവദരാകാതിരിക്കുക എന്നതാണ് സമാധാനം കാംക്ഷിക്കുന്ന എല്ലാവരുടെയും പ്രത്യേകിച്ചും മുസ്‌ലിം വിശ്വാസിയുടെ കർത്തവ്യം. ആന്തരികമായി അധർമത്തിലേക്കുള്ള പ്രലോഭനമാണ് വിശ്വാസി അഭിമുഖീകരിക്കുന്നത്. നിരന്തരം തെറ്റിലേക്ക് പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്ന ചുറ്റുപാടിലാണ് മനുഷ്യൻ ജീവിക്കുന്നത്. സോഷ്യൽ മീഡിയയുടെ അതിപ്രസരം ഇതിന്റെ വ്യാപ്‌തി പതിന്മടങ്ങ് വർധിപ്പിച്ചിട്ടുണ്ട്. പ്രകോപനങ്ങളുടെയും പ്രലോഭനങ്ങളുടെയും പിറകെയാണ് സമൂഹം. അതിൽ നിന്നെല്ലാം മാറി നിന്ന് ആത്മ നിയന്ത്രണം പാലിക്കാനുള്ള പരിശീലനമാണ് റമസാൻ നൽകുന്നത്.

പാവപ്പെട്ടവന്റെ ഇല്ലായ്മകളോട് ക്രിയാത്മകമായും സൃഷ്ടിപരമായും പ്രതികരിക്കാൻ റമസാൻ അവസരം ഒരുക്കുന്നുണ്ട്. പാവപ്പെട്ടവരുടെയും കഷ്ടത അനുഭവിക്കുന്നവരുടെയും വിഷമങ്ങൾ അനുഭവിച്ചറിയാൻ സമ്പന്നരെ  തയ്യാറാക്കുന്നതിന് വ്രതം അവസരമൊരുക്കുന്നു.  വിശപ്പിന്റെ രുചി എല്ലാവർക്കും തുല്യമാണ്. എല്ലാവരും ഇത് അനുഭവിച്ചറിയുന്നതോടെ, പാവപ്പെട്ടവരെ പരിഗണിക്കാനും അവരെ സഹായിക്കാനും തയ്യാറാകുന്നതിലൂടെ വലിയ പരിവർത്തനമാണ് സാധ്യമാവുക. വിശുദ്ധ ഖുർആൻ അവതരിപ്പിച്ച മാസമായ റമസാനിൽ വീടുകളിലും പള്ളികളിലും ഖുർആൻ പാരായണം സജീവമാക്കാനും ഖുർആൻ പാരായണത്തെ കുറിച്ച് ആധികാരികമായി പഠിപ്പിക്കുന്ന വേദികൾ ഉപയോഗപ്പെടുത്താനും വിശ്വാസികൾ തയ്യാറാകണം. റമസാൻ മാസത്തെ  അതിന്റെ പൂർണാർഥത്തിൽ വരവേറ്റു പുണ്യം കരസ്ഥമാക്കി വിജയം കൈവരിക്കാൻ കഴിയട്ടെയെന്നും  കാന്തപുരം റമസാൻ സന്ദേശത്തിൽ പറഞ്ഞു.

Previous Post Next Post