മലപ്പട്ടം :- മലപ്പട്ടത്ത് തോട് കയ്യേറി റോഡ് നിർമ്മിക്കാനുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനം അധികാര ദുർവിനിയോഗം ആണെന്ന് ഓംബുഡ്സ്മാന്റെ ഉത്തരവ്.
മലപ്പട്ടം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ അരിയിച്ചാൽ തോട് കയ്യേറിയാണ് റോഡ് പണിതതെന്ന് പൊതുപ്രവർത്തകനായ കെ.ഒ.വി നാരായണൻ നൽകിയ പരാതിയിലാണ് ഉത്തരവ്.
തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
റോഡ് പണിയുന്നതിന് മുമ്പ് ദുരന്ത നിവാരണ അതോറിറ്റിയുടെ അഭിപ്രായം പഞ്ചായത്ത് തേടേണ്ടതായിരുന്നുവെന്ന് ഉത്തരവിൽ പറയുന്നു.
റോഡ് നിർമ്മാണം സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമുണ്ടെങ്കിൽ അത് വ്യക്തമാക്കാൻ പകർപ്പ് ഹാജരാക്ക് ണം. റോഡ് നിർമ്മിച്ചതിന് തയ്യാറാക്കിയ എസ്റ്റിമേറ്റും പ്ലാനും ഹാജരാക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. റോഡ് പലർക്കും പ്രയോജനപ്പെടുമെന്നും നീരൊഴുക്കിന് തടസമില്ലെന്ന് തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. നീരൊഴുക്കിന് തടസമുണ്ടോയെന്ന് നിശ്ചയിക്കുന്നതിന് വർഷകാലത്തെ സ്ഥിതി നോക്കിയാൽ മാത്രമേ സാധിക്കുകയുള്ളൂ. ദുരന്ത നിവാരണ അതോറിറ്റി പറയേണ്ട അഭിപ്രായം പറയാൻ തഹസിൽദാർ യോഗ്യനല്ലെന്നും ഓംബുഡ്സ്മാൻ ചൂണ്ടിക്കാട്ടി.
വിശദമായ പത്രിക ഫയൽ ചെയ്യുവാനും പകർപ്പും അനുബന്ധ രേഖകളും പരാതിക്കാരന് നൽകുവാനും ഓംബുഡ്സ്മാൻ നിർദേശിച്ചു.