കണ്ണൂർ: - കണ്ണൂർ സ്റ്റേഡിയം പരിസരത്തേക്ക് കൂടുതൽ വൈദ്യുതി നേരിട്ട് എത്തിക്കാനുതകുന്ന സ്റ്റേഡിയം എക്സ്പ്രസ് ഫീഡർ കെഎസ്ഇബി ചാർജുചെയ്തു. കണ്ണൂർ കോടതി, കോർപറേഷൻ, ജില്ലാമൃഗാശുപത്രി, കലക്ടറുടെയും പൊലീസ് മേധാവിയുടെയും ക്യാമ്പ് ഓഫീസുകൾ, സ്റ്റേഡിയം കോംപ്ലക്സിലെ സ്ഥാപനങ്ങൾ, അഡ്വക്കറ്റ്സ് ഓഫീസുകൾ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സം ഒഴിവാക്കുന്നതാണ് ഈ സംവിധാനം .
മുണ്ടയാട് സബ് സ്റ്റേഷനിൽനിന്നുള്ള ഭൂഗർഭ കേബിൾ ഉപയോഗപ്പെടുത്തിയാണ് ഇത് രൂപപ്പെടുത്തിയത്. ഭൂഗർഭ കേബിൾ ഫീഡർ ഇവിടെ നേരിട്ടെത്തുന്നു എന്നത് കൂടാതെ മുണ്ടയാട് സബ് സ്റ്റേഷനിൽനിന്നുള്ള കക്കാട് ഫീഡർ, ചൊവ്വ സബ് സ്റ്റേഷനിൽനിന്നുള്ള താവക്കര ഫീഡർ എന്നിവ വഴിയുള്ള ബാക്ക് ഫീഡ് സൗകര്യവും ലഭ്യമാകും. ഒരു ലൈനിൽ വൈദ്യുതി മുടങ്ങിയാൽ പകരം ലൈൻ ലഭ്യമാക്കാൻ ഇതുവഴിയാകും. ചൂട് കൂടിയതോടെ ആവശ്യമായ അധിക വൈദ്യുതി നിലവിലുള്ള ലൈനുകൾക്ക് താങ്ങാനാവാത്തതിനാൽ വൈദ്യുതി തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ സംവിധാനം ഒരുക്കിയത്. കെട്ടിടങ്ങളിൽ എയർ കണ്ടീഷനറുകൾ വ്യാപകമായതോടെയാണ് വൈദ്യുതി ഉപയോഗം കൂടിയത്. ഉത്സവകാലമാകുന്നതോടെ നഗരത്തിൽ വൈദ്യുതി ഉപഭോഗം വർധിക്കും. കെഎസ്ഇബി ജീവനക്കാരും കരാർ ജീവനക്കാരും എക്സ്പ്രസ് ഫീഡർ ഒരുക്കാൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു. പൊലീസ് മൈതാനിയിൽ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം എക്സ്പോക്കും സ്റ്റേഡിയം ഫീഡറിൽനിന്നുള്ള വൈദ്യുതി നൽകും. ഡീസൽ ജനറേറ്ററിന്റെ ഉപയോഗം ഇതുവഴി കുറക്കാൻ സാധിക്കും.
അസിസ്റ്റന്റ് എൻജിനിയർ സി ജഗദീശൻ, സബ് എൻജിനിയർമാരായ കെ സുരേഷ് ബാബു , പി വി സതീഷ് ബാബു, കരാറുകാരൻ അബ്ദുൾ മജീദ് എന്നിവർ നേതൃത്വം നൽകി.