മയ്യിൽ :- ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച് ജില്ലയിൽ ഒന്നാമതായി. ഇതോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച മയ്യിൽ ഗ്രാമപഞ്ചായത്തിനെ അമോദിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഐ എ എസ് ഉപഹാരങ്ങൾ കൈമാറി .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റോബർട്ട് ജോർജ് അധ്യക്ഷനായി. തൊഴിലുറപ്പ് പദ്ധതിയിൽ 2021-22 വർഷത്തിൽ ഏറ്റവും കൂടുതൽ പേർക്ക് 100 തൊഴിൽ ദിനങ്ങൾ നല്കിയതിനും, ഏറ്റവും കൂടുതൽ ശുചിത്വ പ്രവൃത്തികൾ ഏറ്റെടുത്തതിനും, ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച രണ്ടാമത്തെ പഞ്ചായത്ത് എന്നിങ്ങനെ 3 തലങ്ങളിലുള്ള അനുമോദനമാണ് മയ്യിൽ ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങിയത്.