നാറാത്ത്:- കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയമിച്ച എ പി അബ്ദുള്ള കുട്ടിയുടെ സ്വീകരണ യോഗത്തിൽ നാറാത്ത് പഞ്ചായത്തിലെ ലീഗ് മെംബർ പങ്കടുത്ത സംഭവത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് സെക്രട്ടറി മൂസാൻ കമ്പിൽ ആവശ്യപ്പെട്ടു..
മുസ്ലിം സമുദായത്തെ ഒറ്റിക്കൊടുക്കുന്നതിനു വേണ്ടി ബി ജെ പി ദേശീയ നേതൃത്വം നൽകിയ എല്ലിൻ കഷണമാണ് ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം. കേരളത്തിന്റെ മതേതര മനസ്സിൽ നിന്നു പുറന്തള്ളപ്പെട്ട ബി ജെ പി അധികാരമോഹികളെ കൂടെക്കൂട്ടാൻ അടവുകളെല്ലാം പയറ്റുകയാണ്. കണ്ണൂർ പൗരാവലി എന്ന പേരിട്ട് സംഘപരിവാരം നടത്തിയ സ്വീകരണത്തിൽ യൂത്ത് ലീഗ് നേതാവായ വാർഡ് മെംബർ പങ്കെടുത്തത് സമുദായത്തോടും ബിജെപിയെ പുറന്തള്ളിയ ജനാധിപത്യ വിശ്വാസികളോടുമുള്ള വഞ്ചനയാണ്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും മുസ്‌ലിംകളെ ഉൻമൂലനം ചെയ്യാൻ ബി ജെ പി സർക്കാരുകൾ ശ്രമിക്കുന്ന സമയത്ത് തന്നെയാണ് അബ്ദുല്ലക്കുട്ടിയുടെ സ്ഥാനലബ്ധി എന്നതും കൂട്ടിവായിക്കേണ്ടതാണ്. ഇത്തരമൊരു സാഹചര്യത്തിൽ സ്വീകരിക്കാൻ മുൻ നിരയിലുണ്ടായ വാർഡ് മെംബറെ തിരുത്താൻ ലീഗ് നേതൃത്വം തയ്യാറാവണം. നേരത്തേ യു ഡി എഫ് വിട്ട് അബ്ദുല്ലക്കുട്ടി ബി ജെ പി യിലേക്ക് പോയപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചയാളാണ് സൈഫുദ്ദീൻ. അന്നും പാർട്ടി നേതൃത്വം തിരുത്താത്തതാണ് അബ്ദുല്ലക്കുട്ടിയെ പോലുള്ള സമുദായ വഞ്ചകരുമായി നിരന്തര സമ്പർക്കം പുലർത്താൻ കാരണമാവുന്നത്. ഇനിയും പാർട്ടി തിരുത്താൻ തയ്യാറാവുന്നില്ലെങ്കിൽ ലീഗിലെ ബി ജെ പി ഏജന്റാണ് വാർഡ് മെംബർ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലെന്നും എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് സെക്രട്ടറി മൂസാൻ കമ്പിൽ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.