ജില്ലയിൽ പൂട്ടിച്ചത് 35 ഹോട്ടലുകൾ 82 കടകൾക്ക് നോട്ടീസ്; പൂട്ടിയവ ഉടൻ തുറക്കില്ല

 

 

കണ്ണൂർ:- ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധനയിൽ ജില്ലയിൽ ഇതുവരെ പൂട്ടിച്ചത് 35 ഹോട്ടലുകൾ. 182 കടകളിൽ നടത്തിയ പരിശോധനയിൽ 82 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അടുക്കളയിൽ പൂച്ചമുതൽ പഴകിയ ആഹാരംവരെ പിടിച്ചു.

പൂട്ടിച്ച സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ലൈസൻസില്ലാതെ പ്രവർത്തിച്ചവയാണ്. വൃത്തിഹീനമായ അടുക്കള, ആരോഗ്യ സുരക്ഷയില്ലാത്ത ഷവർമാ പരിസരം ഉൾപ്പെട്ട ഹോട്ടലുകളും പൂട്ടിച്ചവയിൽ പെടും.

ഷവർമയും മറ്റും മറ്റു കടകളിലേക്ക് നൽകുന്ന മുണ്ടേരി പഞ്ചായത്തിലെ മൊത്തവ്യാപാര സ്ഥാപനം പ്രവർത്തിച്ചത് വർഷങ്ങളായി ലൈസൻസില്ലാതെയായിരുന്നു. ഈ സ്ഥാപനം കഴിഞ്ഞ ദിവസം പൂട്ടിച്ചു. ഇരിക്കൂറിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച റസ്റ്റോറന്റ് അടപ്പിക്കാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥരെ തടയുകയും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. സ്ഥാപനം അടപ്പിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം അസി. കമ്മിഷണർ ടി.എസ്. വിനോദ്കുമാർ പറഞ്ഞു.

പൂട്ടിച്ച കടകൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം കമ്മിഷണർ ജില്ലയിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. കമ്മിഷണർ ഓഫീസിന്റെ നിർദേശം ലഭിച്ചാൽ മാത്ര‌‌മേ പൂട്ടിയ കടകൾ തുറക്കൂ.

നേരത്തെ അതത് അസി. കമ്മിഷണർമാർക്ക് പരിശോധിച്ച് ലൈസൻസ് പുതുക്കിനൽകാമായിരുന്നു. ചെറുവത്തൂരിലെ കടയിൽനിന്ന് ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്ന് നിയമം കർശനമാക്കുകയായിരുന്നു.

ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരായ പി. ഷോണിമ, വിമലാ മാത്യു, വിജി വിൽസൺ, എൻ.പി. ബിന്ദുരാജ്, യു. ജിതിൻ, കെ. വിനോദ്കുമാർ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്

Previous Post Next Post