കണ്ണൂർ: സർവീസ് നടത്താതെ മുടങ്ങിക്കിടക്കുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ ‘ഗ്രാമവണ്ടി പദ്ധതി’യിൽ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുനരാരംഭിക്കാമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ ജില്ലാ വികസനസമിതിയോഗത്തെ അറിയിച്ചു. ഡീസൽ ചെലവ് വഹിച്ചുകൊണ്ടാവണം ഇത്. കോവിഡ് കാലത്ത് നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. കളക്ടർ എസ്.ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ റോഡ് സുരക്ഷാ കൗൺസിലിൽ ചർച്ചചെയ്ത് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് എ.ഡി.എം. യോഗത്തെ അറിയിച്ചു.
ജില്ലാ ആസൂത്രണസമിതി ഹാളിൽ ചേർന്ന യോഗത്തിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ., ജില്ലാ പ്ലാനിങ് ഓഫീസർ കെ.പ്രകാശൻ, എ.ഡി.എം. കെ.കെ.ദിവാകരൻ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.