തളിപ്പറമ്പ്:- വയൽ ഉഴുത് മറിക്കുന്നത് പുതിയ കാഴ്ച്ചയല്ല. എന്നാല്‍ ബക്കളം വയല്‍ നുകം കെട്ടിയ രണ്ട് കാള കൂറ്റന്‍മാര്‍ ഉഴുത് തുടങ്ങിയതോടെ ആളുകള്‍ ചുറ്റും കൂടി. കാരണം മറ്റൊന്നുമല്ല. കലപ്പയും പിടിച്ച് കാളകളെ തെളിച്ച് നിലം ഉഴുതത് തദ്ദേശസ്വയ ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററായിരുന്നു. കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി വയലിലിറങ്ങി കന്നുപൂട്ടിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാനാണ് കര്‍ഷകനായ ഏഴോം സ്വദേശി വാസുദേവന്‍ നമ്പൂതിരി കാളകളെ എത്തിച്ചത്. ഘോഷയാത്രയ്ക്ക് ശേഷം ഇവയെ ഉപയോഗിച്ച് വാസുദേവന്‍ നിലം ഉഴുതത് പുതു തലമുറക്ക് കൗതുക കാഴ്ച്ചയായി. പിന്നാലെയാണ് മന്ത്രിയും പാടത്തിറങ്ങിയത്. താഴെ ബക്കളത്ത് നിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര കാര്‍ഷിക സംസ്‌കൃതി വിളിച്ചോതുന്നതായിരുന്നു. പാളതൊപ്പിയും കാര്‍ഷിക ഉപകരണങ്ങളുമായി കര്‍ഷകരും കുട്ടികര്‍ഷകരും ഇതിന്റെ ഭാഗമായി. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, പ്രദേശവാസികള്‍ തുടങ്ങി നിരവധിപ്പേരാണ് ഘോഷയാത്രയില്‍ അണിനിരന്നത്.