മയ്യിൽ :- മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ പഞ്ചായത്ത് പരിധിക്കുള്ളിൽ വ്യാപകമായി നടക്കുന്ന കുന്നിടിക്കൽ നിർത്തുന്നതിന് അടിയന്തിര നടപടികൾ ഉണ്ടാവണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഒന്നിലധികം ജെ.സി.ബികൾ വെച്ച് വലിയ കണ്ടെയ്നറുകളിൽ മണ്ണ് രാവും പകലുമില്ലാതെ കടത്തിക്കൊണ്ടു പോവുകയാണ്.ദേശീയപാതാ വികസനത്തിന് വേണ്ടിയെന്നാണ് കേൾക്കുന്നത്. എന്നാൽ പഞ്ചായത്തിനോ വില്ലേജ് അധികാരികൾക്കോ യാതൊരു അറിവോ നിയന്ത്രണ അധികാരമോ ഇല്ല എന്നുള്ളതാണ് വസ്തുത.പാരിസ്ഥിതികമായ സുവ്യവസ്ഥ നിലനിർത്തുന്നതിനും ജലസുരക്ഷയ്ക്കും ഇടനാടൻ ചെങ്കൽക്കുന്നുകൾക്ക് വലിയ പങ്കാണുള്ളത്. ഇത് തുടരുകയാണെങ്കിൽ ഈ പ്രദേശത്തെ ചെങ്കൽക്കുന്നുകൾ ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമാവും. അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും അനിയന്ത്രിതമായ കുന്നിടിക്കൽ നിർത്തിവെയ്ക്കണമെന്നും സർക്കാരിനോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും പൊതു സമൂഹത്തോടും ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സംഘടനാ രേഖ അവതരിപ്പിച്ചു കൊണ്ട് മുൻ സംസ്ഥാന സെക്രട്ടരി കെ.കെ.രവി ഉദ്ഘാടനം ചെയ്തു. സി. മുരളീധരൻ അധ്യക്ഷനായി. പി കെ.ഗോപാലകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.സെക്രട്ടരി പി.സൈലേഷ്കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.രാജൻ കണക്കും അവതരിപ്പിച്ചു.
ചർച്ചയിൽ എം.കെ.ബാബു, കെ. സരസ്വതി, ടി. സുജയ്, രേഖ.വി,അഞ്ജു.കെ, ശ്രീബിൻ.പി,കെ.കെ.കൃഷ്ണൻ, പി.പ്രമീള തുടങ്ങിയവർ പങ്കെടുത്തു.വിനോദ് തായക്കര പ്രമേയം അവതരിപ്പിച്ചു.കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഒ.സി.ബേബിലത, വി.വി.ശ്രീനിവാസൻ, ജില്ലാ ഭാരവാഹികളായ കെ.സി.പത്മനാഭൻ, പി.സൗമിനി, മേഖലാ പ്രസിഡൻ്റ് എ.ഗോവിന്ദൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.പി. കുഞ്ഞികൃഷ്ണൻ ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി എ ഗോവിന്ദൻ -പ്രസിഡൻ്റ്, എം.കെ.രാജിനി, പി.സൈലേഷ്കുമാർ -വൈസ് പ്രസിഡൻ്റ്, പി.കുഞ്ഞികൃഷ്ണൻ - സെക്രട്ടരി സി.കെ.അനൂപ് ലാൽ, കെ.കെ.കൃഷ്ണൻ - ജോ. സെക്രട്ടരി, സി.മുരളീധരൻ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.എം.സുധീർ ബാബു നയിച്ച ശാസ്ത്ര ഗാനത്തോടെ സമ്മേളനം സമാപിച്ചു.