കൊട്ടിയൂർ:-കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ സവിശേഷ ചടങ്ങായ തിരുവോണം ആരാധനയും ഇളനീർവെപ്പും ശനിയാഴ്ച നടക്കും. ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായ ഇളനീരാട്ടത്തിനായി ഇളനീർ സംഘങ്ങൾ വ്രതാനുഷ്ഠാനത്തിലാണ്.
ഇളനീരാട്ടത്തിനുവേണ്ട ഇളനീരുകൾ മലബാറിലെ വിവിധ ഭാഗങ്ങളിൽനിന്നാണ് എത്തിക്കുന്നത്. വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ശനിയാഴ്ച നടക്കും. തിരുവോണം ആരാധന മുതലാണ് പഞ്ചവാദ്യങ്ങള്‍ക്ക് തുടക്കമാവുക. പൊന്നിന് ശീവേലിയാണ് നടക്കുക. പഞ്ചഗവ്യവും കോവിലകത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയാറാക്കി അഭിഷേകം ചെയ്യും. ഈ ദിവസം മുതലാണ് മത്തവിലാസം കൂത്ത് പൂര്‍ണരൂപത്തില്‍ ആരംഭിക്കുന്നത്.
രണ്ടു വർഷമായി കോവിഡിനെ തുടർന്ന് ഭക്തരുടെ സാന്നിധ്യമില്ലാതെയായിരുന്നു ചടങ്ങുകൾ നടത്തിയത്. ദിവസങ്ങളായി മഴയുണ്ടെങ്കിലും ഇത്തവണ ഉത്സവാരംഭം മുതൽ ഭക്തരുടെ പ്രവാഹമാണ്. തിരക്ക് നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും കനത്ത പൊലീസ് സന്നാഹമാണ് കൊട്ടിയൂരിലുള്ളത്