കൊട്ടിയൂർ:- വൈശാഖ മഹോത്സവത്തിലെ സവിശേഷ ചടങ്ങുകളിലൊന്നായ ഇളനീരാട്ടം ഭക്തിനിർഭരമായ ചടങ്ങിൽ ഇന്നലെ രാത്രി അക്കരെ സന്നിധിയിൽ നടന്നു. വിവിധ പ്രദേശങ്ങളിൽനിന്നും ഭക്തർ കഠിനവ്രതമനുഷ്ഠിച്ച് എഴുന്നള്ളിച്ച് ഭഗവാന് സമർപ്പിച്ച ആയിരക്കണക്കിന് ഇളനീരുകളാണ് അഷ്ടമി നാളിൽ പെരുമാൾക്ക് അഭിഷേകം ചെയ്തത്.
ഇന്നലെ രാവിലെ മുതൽ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിലുള്ള സംഘം ഇളനീരുകൾ ചെത്തിയൊരുക്കി മണിത്തറയിലെ മുഖമണ്ഡപത്തിൽ കൂട്ടിവച്ചു. ഇളനീർ ചെത്താനുള്ള കത്തി ജാതിയൂർ മഠത്തിൽ നിന്നാണ് എത്തിച്ചത്. ഇളനീർവെപ്പ് ദിവസമാണ് ഈ കത്തികൾ പെരുമാളിന് മുന്നിൽ സമർപ്പിച്ചത്.
ഉത്സവത്തിലെ നാല് ആരാധനകളിലൊന്നായ അഷ്ടമി ആരാധനയും ഇന്നലെ നടന്നു. ഉച്ചശീവേലിക്ക് ശേഷം ഭണ്ഡാര അറക്ക് മുന്നിൽ പന്തീരടി കാമ്പ്രം സ്ഥാനികന്റെ കാർമികത്വത്തിലാണ് അഷ്ടമി ആരാധന നടന്നത്. ആരാധനയുടെ ഭാഗമായി തെയ്യമ്പാടി നമ്പ്യാർ പാടിയ അഷ്ടമിപ്പാട്ടും ഉണ്ടായിരുന്നു.
വൈകിട്ട് ആയിരം കുടം അഭിഷേകം കഴിഞ്ഞ് ഒറ്റ നവകം. അത്താഴപൂജയും രാത്രി ശീവേലിയും ഇല്ലായിരുന്നു. രാത്രിയോടെ കൊട്ടേരിക്കാവിൽ നിന്നും മുത്തപ്പൻ ദൈവം വരവും അകമ്പടിക്കാരും ഓടച്ചൂട്ട് കത്തിച്ച് ക്ഷേത്രത്തിലെത്തി. അതിവേഗം ഓടിയെത്തിയ ദൈവം സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച് മടങ്ങി.ദൈവത്തിനൊപ്പം എത്തിയ സംഘം കോവിലകം കൈയാല തീണ്ടുക എന്ന ചടങ്ങും നടത്തി. ദൈവം മടങ്ങിയ ശേഷം രാശി വിളിച്ചതോടെയാണ് ഇളനീരാട്ടത്തിന് അവസരമൊരുങ്ങിയത്.
ആദ്യമായി മൂന്ന് ഇളനീർ വെട്ടിക്കൊടുത്തത് പാലോന്നം നമ്പൂതിരിയാണ്. ഉഷകാമ്പ്രം അതുവാങ്ങി അഭിഷേകം ചെയ്തുകഴിഞ്ഞതോടെ ബ്രാഹ്മണർക്ക് ഇളനീർ വെട്ടാനുള്ള കത്തികൾ വിതരണം ചെയ്തു. അവർ ഇളനീർ വെട്ടി വെള്ളിക്കുടങ്ങളിൽ നിറച്ച് പിന്നീടത് സ്വർണക്കുടങ്ങളിലേക്ക് പകർന്ന് ഇടമുറിയാതെ സ്വയംഭൂശിലയിൽ അഭിഷേകത്തിനായി ഏല്പിച്ചു. തീരാറായപ്പോൾ പാലോന്നം മൂന്ന് ഇളനീർ വെട്ടി അഭിഷേകത്തിന് തയ്യാറാക്കി ഉഷകാമ്പ്രത്തിന് നൽകി. അത് അഭിഷേകം ചെയ്താണ് ഇളനീരാട്ടം പൂർത്തിയാക്കിയത്. 45 ദിവസം ഭക്തർ നോറ്റ കഠിനവ്രതത്തിന് ഇതോടെ പരിസമാപ്തിയായി.