മയ്യിൽ:- ഏറെ കൊട്ടിഗ്‌ഘോഷിച്ച കുറ്റ്യാട്ടൂർ മാവില ശേഖരണത്തിന് കുടുംബശ്രീ പ്രവർത്തകർക്ക് ലഭിച്ചത് വണ്ടിച്ചെക്ക്. നീലേശ്വരത്തുള്ള ഇന്നോവെൽനെസ് എന്ന കമ്പനിയാണ് 2.75 ലക്ഷത്തോളം രൂപയുടെ ഇലകൾക്ക് വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചത്. പൽപ്പൊടി നിർമാണത്തിനുവേണ്ടിയാണ് ടൺകണക്കിന് മാവിലകൾ കുറ്റ്യാട്ടൂരിൽനിന്ന് ശേഖരിച്ചിരുന്നത്.
ആദ്യ ഘട്ടത്തിൽ കൃത്യമായി വില നൽകിയിരുന്നുവെന്നാണ് പ്രവർത്തകർ പറയുന്നത്. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് മന്ത്രി എം.വി. ഗോവിന്ദൻ കമ്പനിയുടെ 2.75 ലക്ഷം രൂപയുടെ ചെക്ക് കുടുംബശ്രീ ചെയർപേഴ്‌സണ് കൈമാറിയത്. പലരെയും തെറ്റിദ്ധരിപ്പിച്ച് ചെക്ക് നൽകിയ കമ്പനിക്ക് കുറ്റ്യാട്ടൂർ മാവിന്റെ ഇലകൾ നൽകാൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഭരണസമിതി താത്പര്യമെടുത്തിട്ടില്ലെന്നാണറിയുന്നത്. പഞ്ചായത്തിലെ നാല്, ആറ്, 15, 16 വാർഡുകളിൽനിന്നാണ് കിലോയ്ക്ക് 50 രൂപ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഇലകൾ കടത്തിയത്. ഇലകൾ ശേഖരിച്ച കുടുംബശ്രീ പ്രവർത്തകർ വില ലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയപ്പോഴാണ് വണ്ടിച്ചെക്ക് കൈമാറി കബളിപ്പിച്ച കാര്യം പുറംലോകം അറിയുന്നത്.
മാവിലകൾ നശിക്കാൻ തുടങ്ങി
കിലോഗ്രാമിന് 150 രൂപ തുടക്കത്തിൽ കമ്പനി നൽകിയതോടെ പഞ്ചായത്തിലെ നിരവധി വീട്ടുകാരാണ് മാവിലകൾ സംഭരിച്ചത്. പണം ലഭിക്കാതായതോടെ മാവില കൊണ്ടുപോകുന്നത് അനിശ്ചിതത്വത്തിലാവുകയും കെട്ടിക്കിടന്ന് നശിക്കാനും തുടങ്ങി.
കുറ്റ്യാട്ടൂരിൽതന്നെ പൽപ്പൊടി നിർമാണ യൂണിറ്റ് തുടങ്ങുമെന്നും 200 രൂപവരെ കമ്പനി നൽകുമെന്നുമൊക്കെയായിരുന്നു വാഗ്ദാനം.