കണ്ണൂർ:-കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തില്‍ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കും. എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം മെയ് 23ന് പള്ളിക്കുന്നിലെ ടി ബി സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും.
കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്തി വൈകല്യം തടയുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കും. ഇവര്‍ അംഗന്‍വാടി കുട്ടികളുടെ മാതാപിതാക്കളെ ബോധവല്‍ക്കരിക്കും. മാതാപിതാക്കള്‍ പരിശോധ നടത്തി കുട്ടികളില്‍ രോഗം കണ്ടെത്തിയാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ജൂണ്‍ 15നകം അംഗന്‍വാടിതല ബോധവല്‍ക്കരണം പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഇത്തരത്തില്‍ ജില്ലയെ കുഷ്ഠ രോഗ മുക്തമാക്കുകയാണ് ലക്ഷ്യം. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ആദിവാസി മേഖലകളില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വിഭാഗം പ്രത്യേക ക്യാമ്പയിന്‍ നടത്തും.
എ ഡി എമ്മിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ആന്റ് ലെപ്രസി ഓഫീസര്‍ ഡോ. വി പി രാജേഷ്, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി ഡീന ഭരതന്‍, ഡി എം ഒ(ഐ എസ് എം)ഡോ. മാത്യു കുരുവിള, ഐ ടി ഡി പി പ്രോഗ്രാം ഓഫീസര്‍ എസ് സന്തോഷ് കുമാര്‍, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ഡോ. ഷിബി പി വര്‍ഗീസ്, അസി. ലെപ്രസി ഓഫീസര്‍മാരായ പി എം ആര്‍ കുഞ്ഞിമായിന്‍, ഡേവി ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.