പൊതുവിദ്യാലയങ്ങളിൽ ആറ് വർഷം കൊണ്ട് പത്തര ലക്ഷത്തോളം കുട്ടികൾ വർധിച്ചു: മുഖ്യമന്ത്രി

 



തിരുവനന്തപുരം:-ആറ് വർഷം കൊണ്ട് പത്തരലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ വർധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം രണ്ട് ചടങ്ങുകളിലായി ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിൽ കണ്ണൂർ

ജില്ലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 15 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടും.

കുട്ടികളുടെ ഈ വർധന ആരെങ്കിലും നിർബന്ധിച്ച് ഉണ്ടാക്കിയതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പൊതുവിദ്യാഭ്യാസ രംഗത്തുവന്ന മാറ്റം കുട്ടിയും രക്ഷിതാവും നാട്ടുകാരും ഉൾക്കൊണ്ടതിന്റെ ഫലമാണ്. ഇല്ലായ്മയുടെ പര്യായമായിരുന്ന പൊതുവിദ്യാലയങ്ങൾ ഇന്ന് ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളുടെ രൂപത്തിലേക്ക് മാറി. അതോടൊപ്പം വലിയ അക്കാദമിക് മികവ് ആർജിക്കാനും കഴിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം ആഗ്രഹിക്കുന്ന ആർക്കും ഇന്ന് മനസ്സിൽ നീറ്റലില്ല. ഇതിന് വലിയ തോതിൽ സഹായിച്ചത് കിഫ്ബിയാണ്. 

തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തതിൽ കിഫ്ബിയുടെ സഹായത്തോടെയുള്ള ഒമ്പത് കെട്ടിടങ്ങൾ, മൂന്ന് കോടി സഹായത്തോടെയുള്ള 16 കെട്ടിടങ്ങൾ ഒരു കോടി സഹായത്തോടെയുള്ള 15 കെട്ടിടങ്ങൾ എന്നിവയുണ്ട്. കൂടാതെ, പ്ലാൻ ഫണ്ട്, എംഎൽഎ ഫണ്ട്, എസ്എസ്‌കെ ഫണ്ട് എന്നിവ ഉപയോഗിച്ചുള്ള 35 സ്‌കൂൾ കെട്ടിടങ്ങളും ഉണ്ട്. ഇതിന് പുറമെ, അഞ്ച് കോടി കിഫ്ബി സഹായത്തോടെ 110 കെട്ടിടങ്ങൾ, മൂന്ന് കോടിയുടെ 106 കെട്ടിടങ്ങൾ, ഒരു കോടിയുടെ രണ്ട് കെട്ടിടങ്ങൾ എന്നിവ നേരത്തെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 

ഇതു കൂടാതെ തീരദേശമേഖലയിലെ 57 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 66.35 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. ഇതിൽ 18.48 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയായ 20 സ്‌കൂളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നടത്തി. 37 സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം അവസാന ഘട്ടത്തിലാണ് തീരദേശ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous Post Next Post