ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി:12 പ്രവൃത്തികൾ പൂർത്തീകരിച്ചു

 


കണ്ണൂർ:-ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് സുരക്ഷിത കുടിവെള്ളം ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ 2017 മുതൽ ഇതുവരെ ആകെ 17 പദ്ധതികളിൽ 12 എണ്ണവും പൂർത്തീകരിച്ചു. മൂന്ന് വൻകിട പദ്ധതികൾ ഉൾപ്പെടെ നാല് പദ്ധതികൾ പുരോഗമിക്കുന്നു. ഒന്ന് ഉപേക്ഷിച്ചു. ഡിസ്ട്രിക്റ്റ് ഡവലപ്‌മെൻറ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) 2022-23 ഒന്നാം പാദ അവലോകന യോഗത്തിൽ എഡിസി ജനറൽ അറിയിച്ചതാണിത്. 

1.70 കോടി രൂപയുടെ പായം ഗ്രാമപഞ്ചായത്തിലെ നരിമട കോളനി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി രണ്ടായി വിഭജിച്ച് ഭരണാനുമതി നൽകിയിട്ടുണ്ട്. സാങ്കേതികാനുമതിക്ക് സമർപ്പിച്ചു. 84 ലക്ഷത്തിന്റെ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ തലത്തണ്ണി-മുതുശ്ശേരി എസ്ടി കോളനി പദ്ധതി കരാർ വെച്ച് പ്രവൃത്തി തുടങ്ങി. 22.30 ലക്ഷത്തിന്റെ ചിറ്റാരിപ്പറമ്പ പഞ്ചായത്തിലെ തൊടീക്കളം യുടിസി കോളനി കുടിവെള്ള പദ്ധതി ഭരണാനുമതി പുതുക്കി. സാങ്കേതികാനുമതി ലഭിക്കാനുണ്ട്.

കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഓടപ്പുഴ താഴെ പണിയ കോളനി, നിടുപുറംചാൽ എസ്ടി കോളനി, ഓടപ്പുഴ എസ്ടി കോളനി സ്‌കൂൾ പരിസരം, ഏലപ്പീടിക കുറിച്യ കോളനി, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളേരി നാല് സെൻറ് കോളനി, ആനന്ദതീർഥനഗർ കോളനി, തളിപ്പറമ്പ ചെറുപാറ-ഏണ്ടി-ചുണ്ണാമുക്ക് എസ്ടി കോളനി, ഇരിക്കൂർ കോട്ടപ്പാറ കോളനി,  മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ചപ്പണക്കൊഴുമ്മൽ, കത്തിയണക്കൽ കോളനി, ഇരിട്ടി നഗരസഭയിലെ ഇരിട്ടിക്കുന്ന്, പേരാവൂർ മുട്ടുമാറ്റി വാളുമുക്ക് കോളനി എന്നീ കുടിവെള്ള പദ്ധതികളാണ് പൂർത്തീകരിച്ചത്. 

ജലനിധി പൈപ്പ് ലൈൻ നിലവിലുള്ളതിനാൽ മാടായി കുതിരുമ്മൽ കോളനി കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ നീട്ടൽ രണ്ടാംഘട്ടം പദ്ധതി ആവശ്യമില്ലെന്ന് മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കണ്ണൂർ കോർപറേഷനിലെ അമൃത് പദ്ധതിയുടെ ഇതുവരെയുള്ള പ്രവൃത്തി 100 ശതമാനം പൂർത്തീകരിച്ചു.

പ്രധാൻമന്ത്രി ഗ്രാമസഡക് യോജന (പിഎംജിഎസ്‌വൈ) പദ്ധതിയിൽ സാഗി സ്‌കീമിൽ ഉൾപ്പെടുത്തി ആരംഭിച്ച നാല് റോഡ് പ്രവൃത്തികളും പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ മൂന്ന് റോഡുകളുടെ പ്രവൃത്തി പൂർത്തിയായി.

രണ്ടെണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. മൂന്നാം ഘട്ടത്തിൽ ഏഴ് റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു. 12 റോഡുകളുടെ ഡിപിആർ തയാറാവുന്നു.

മുദ്ര ബാങ്ക് വായ്പ, ദേശീയ ആരോഗ്യ പദ്ധതി, പ്രധാൻമന്ത്രി ആവാസ് യോജന (പിഎംഎവൈ), പ്രധാൻമന്ത്രി കൃഷി സിഞ്ചായി യോജന (നീർത്തടം), എംപിമാരുടെ പ്രാദേശിക വികസന പദ്ധതി, മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ കേന്ദ്രവിഷ്‌കൃത പദ്ധതികളും അവലോകനം ചെയ്തു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി.  കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ, ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് പ്രൊജക്ട് ഡയറക്ടർ ടൈനി സൂസൻ ജോൺ, മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി  ജോയിൻറ് പ്രൊജക്ട് മാനേജർ ഹൈദർ അലി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post