'സ്‌കൂൾവിക്കി' പുരസ്‌കാരം: ജില്ലയിൽ ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂളിന്


കണ്ണൂർ :-പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങളിൽ ജില്ലാ തലത്തിൽ ഒന്നാം സമ്മാനം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂളിന്. ജി യു പി എസ് മുഴക്കുന്ന്, എൻ എ എം എച്ച് എസ് എസ് പെരിങ്ങത്തൂർ എന്നീ സ്‌കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. 

15000 സ്‌കൂളുകളെ കോർത്തിണക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ 'സ്‌കൂൾ വിക്കി' സജ്ജമാക്കിയ കൈറ്റ് ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം കാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിക്കും. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അവാർഡുകൾ സമ്മാനിക്കും.

ഇൻഫോ ബോക്‌സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽ അവാർഡുകൾ നിശ്ചയിച്ചത്. ജില്ലാതലത്തിൽ ശ്രദ്ധേയമായ താളുകൾ ഒരുക്കിയ 24 വിദ്യാലയങ്ങൾക്കും കൈറ്റ് പ്രശംസാപത്രം നൽകും. സ്‌കൂളുകളുടെ പട്ടിക www.schoolwiki.in പോർട്ടലിൽ ലഭ്യമാണ്.

ജില്ലാ തലത്തിൽ അവാർഡ് ലഭിച്ച സ്‌കൂളുകളുടെ ലിങ്കുകൾ: ഒന്നാം സമ്മാനം www.schoolwiki.in/13055, രണ്ടാം സമ്മാനം www.schoolwiki.in/14871 മൂന്നാം സമ്മാനം www.schoolwiki.in/14031.


Previous Post Next Post