മയ്യിൽ:-പാഠപുസ്തകത്തിലെ പ്രകൃതിയുടെ മായാജാലങ്ങൾ വിദ്യാലയ മുറ്റത്ത് അനുഭവിക്കാനൊരുങ്ങുകയാണ് കയരളം നോർത്ത് എ.എൽ.പി. സ്‌കൂൾ വിദ്യാർഥികൾ. കേവലം പൂക്കൾ വിരിയുന്ന ഇടം മാത്രമല്ല സ്‌കൂൾ മുറ്റത്തെ പൂന്തോട്ടം, സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് പഠിക്കുന്നത് മുതൽ അവയുടെ വളർച്ചയിലും വികാസത്തിലും തുടങ്ങി അവയെ ആശ്രയിച്ച് ജീവിക്കുന്ന അനേകം ജീവികളെ പഠിക്കാനുള്ള വലിയൊരു സാധ്യത കൂടിയാണ്.
ആ സാധ്യത സ്വയം ഒരുക്കുകയാണ് കുട്ടികൾ. കുട്ടികൾ വീടുകളിൽ നിന്ന് പൂച്ചട്ടികളും ചെടികളും കൊണ്ടുവന്നു, വളമിട്ട് മണ്ണൊരുക്കി, അതോടെ കുട്ടികളുടെ കൂട്ടായ്മയിൽ പിറന്നത് മനോഹരമായ പൂന്തോട്ടം. പരിപാടി വാർഡ് മെമ്പർ എ.പി. സുചിത്ര ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം. ഗീത ടീച്ചർ അധ്യക്ഷയായി. എം.പി. നവ്യ ടീച്ചർ, കെ.പി. ഷഹീമ ടീച്ചർ, ധന്യ ടീച്ചർ, ഖദീജ ടീച്ചർ എന്നിവർ സംസാരിച്ചു. വി.സി. മുജീബ് മാസ്റ്റർ സ്വാഗതവും കെ വൈശാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. വരും ദിവസങ്ങളിൽ കുട്ടികൾ അവരുടെ പൂന്തോട്ടം പരിപാലിക്കുകയും നിരീക്ഷണങ്ങളിലൂടെ പഠനവിധേയമാക്കുകയും ചെയ്യും.