കണ്ണൂർ:-ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന വയോജന സംരക്ഷണ കേന്ദ്രങ്ങൾ ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ. കളക്ടറേറ്റിൽ നടന്ന അനാഥാലയങ്ങളുടേയും മറ്റ് ധർമ്മ സ്ഥാപനങ്ങളുടേയും മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം.
അനധികൃത അനാഥാലയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ മോണിറ്ററിംഗ് കമ്മിറ്റിയെ അറിയിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങൾ പലതും വാടക കെട്ടിടങ്ങളിൽ മതിയായ സൗകര്യങ്ങളും ജീവനക്കാരും ചികിത്സാ സൗകര്യങ്ങളും ഇല്ലാതെയാണ് പ്രവർത്തിച്ചു വരുന്നത്. താമസക്കാരിൽ നിന്നും മാസം നിശ്ചിത തുക വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മതിയായ സൗകര്യങ്ങളുള്ള സ്ഥാപനങ്ങൾക്ക് ക്ഷേമ സ്ഥാപനമായും നിശ്ചിത തുക പ്രതിമാസം സ്വീകരിച്ചു കൊണ്ട് പെയ്ഡ് ഹോമായും പ്രവർത്തിക്കാനുള്ള ലൈസൻസ് ഓർഫനേജ് കൺട്രോൾ ബോർഡ് അനുവദിക്കുന്നുണ്ട്.
ക്ഷേമ സ്ഥാപനങ്ങൾക്കു അനുവദിച്ചിട്ടുള്ള റേഷൻ എഫ്‌സിഐ ഗോഡൗണുകളിൽ നിന്ന് സ്ഥാപനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കാനും യോഗം തീരുമാനിച്ചു. ക്ഷേമ സ്ഥാപനങ്ങൾ മാസത്തിലൊരിക്കൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറോ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സോ സ്ഥാപനങ്ങൾ സന്ദർശിക്കാനുള്ള നടപടി സ്വീകരിക്കാനും ഡിഎംഒക്ക് യോഗം നിർദേശം നൽകി. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ മൂന്ന് പെൺകുട്ടികൾക്ക് വിവാഹ ധനസഹായമായി 50,000 രൂപ വീതം അനുവദിക്കാനും കമ്മിറ്റി അംഗീകാരം നൽകി. രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് ജില്ലാ ഓർഫനേജ് കൺട്രോൾ ബോർഡ് പ്രതിനിധിയായ സിസ്റ്റർ വിനീതയെ യോഗം ചുമതലപ്പെടുത്തി. ഫോൺ: 9446148046.
കലക്ട്രേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദശേഖർ, കണ്ണൂർ സിറ്റി എസിപി കെ വി ബാബു, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ടി ജെ അരുൺ, ഡിഎസ്എസ് ഒസിബി അംഗങ്ങളായ സിസ്റ്റർ വിനീത, ഫാ. സണ്ണി തോട്ടപ്പള്ളി, ടി കെ സജി, ജില്ലാ സപ്ലൈ ഓഫീസർ കെ അജിത്ത് കുമാർ, ഡപ്യൂട്ടി ഡി എം ഒ ഡോ. എം പ്രീത എന്നിവർ പങ്കെടുത്തു.